എ.ആർ.നഗർ സഹകരണ ബാങ്കിൽ 53 അക്കൗണ്ടുകളുടെ രേഖകൾ നൽകിയില്ല, മരവിപ്പിച്ചത് 130 അക്കൗണ്ടുകൾ
എ.ആർ.നഗർ : എ.ആർ.നഗർ സർവീസ് സഹകരണ ബാങ്കിൽ ആദായനികുതി വകുപ്പ് പരിശോധനയെത്തുടർന്ന് മരവിപ്പിച്ച അക്കൗണ്ടുകളിൽ 53 നിക്ഷേപകർ ഇനിയും രേഖകൾ ഹാജരാക്കിയില്ല. ബാങ്കിൽ പരിശോധനാ നടപടികൾ തുടരുകയാണ്. 180 ലധികം അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 130-ഓളം പേർ പിന്നീട് രേഖകൾ ഹാജരാക്കി.
മാർച്ച് 26, 27 തീയതികളിലാണ് ആദായനികുതി വകുപ്പ് എ.ആർ.നഗർ സർവീസ് സഹകരണബാങ്കിൽ പരിശോധന നടത്തിയത്. തുടർന്ന് ബാങ്കിന്റെ വിവിധ ശാഖകളിൽ ആധാർ, പാൻ കാർഡ് തുടങ്ങി മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
ബാങ്കിന്റെ വിവിധ ശാഖകളിലായി പത്ത് ലക്ഷത്തിലധികം തുക സ്ഥിരനിക്ഷേപമുള്ളവരുടെ അക്കൗണ്ടുകളാണ് ഇങ്ങനെ മരവിപ്പിച്ചത്. ഈ നിക്ഷേപകരോട് മതിയായ രേഖകൾ ഹാജരാക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നൂറിലധികം പേർ രേഖകൾ ഹാജരാക്കിയത്.വ്യക്തമായ കണക്കുകൾ അവതരിപ്പിച്ചവരുടെ നിക്ഷേപം മരവിപ്പിച്ച നടപടി പിൻവലിച്ചതായി സഹകരണ ബാങ്ക് അധികൃതർ വ്യക്തമാക്കി.
ആദായവകുപ്പ് ആവശ്യപ്പെട്ട പ്രകാരം രേഖകൾ ഹാജരാക്കാത്ത അക്കൗണ്ടുകളിൽ കോടികളുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായും പ്രമുഖ വ്യക്തികളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ നിക്ഷേപങ്ങളാണ് ഇവയെന്നുമാണ് ആരോപണമുയർന്നത്.എന്നാൽ പരിശോധന സാധാരണ നടപടിയാണെന്നും പണത്തിന്റെ ഉറവിടം കാണിച്ചാൽ ഇവരുടേയും അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ പിൻവലിക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.