സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റംവരുന്നു. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുളള നടപടികളെപ്പറ്റിയാണ് സർക്കാർ ആലോചിക്കുന്നത്. കേരളം സന്ദർശിക്കുന്ന വിദഗ്‌ദ്ധ സമിതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാവും നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് എല്ലാ കടകളും തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും എന്നാണ് കരുതുന്നത്. ഇതിനാെപ്പം വാരാന്ത്യ ലോക്ക്ഡൗണും അവസാനിപ്പിച്ചേക്കും.
രോഗവ്യാപനം കൂടിയാൽ ആ തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലുളള പ്രദേശങ്ങൾ മൊത്തത്തിൽ അടയ്ക്കുന്നതിനുപകരം കൂടുതൽ രോഗികളുള്ള വാർഡുകൾ മാത്രം അടച്ചിരുന്ന ബദൽ നിർദ്ദേശമാണ് ഇപ്പോൾ സർക്കാർ സജീവമായി പരിഗണിക്കുന്നത്. രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രസംഘത്തിന്റെ നിർദ്ദേശങ്ങളിൽ പ്രധാനം. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണമെന്നും കേന്ദ്രസംഘം നിർദ്ദേശിക്കുന്നുണ്ട്.
അടച്ചുപൂട്ടലിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ എന്നാണ് ലോക്ക്ഡൗണിനെ എതിർക്കുന്നവർ ചോദിക്കുന്നത്. എല്ലാ കടകളും കൂടുതൽ സമയം തുറന്നുവച്ചാൽ തിരക്ക് പരമാവധി ഒഴിവാക്കാമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അടച്ചുപൂട്ടൽ പൂർണമായും ഒഴിവാക്കുന്നതിനോട് കേന്ദ്രസർക്കാറിന് യോജിപ്പില്ല. നിലവിലെ ലോക് ഡൗൺ രീതികൾ അശാസ്ത്രീയമാണെന്ന ആരോപണത്തിനാെപ്പം വ്യാപകമായി ഉയരുന്ന എതിർപ്പുകളും വ്യാപാരികൾ കോടതിയെ സമീപിച്ചതും ഓണക്കാലവുമൊക്കെ പരിഗണിച്ചാണ് കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്..
അതേസമയം, കേരളത്തിലെ വർദ്ധിച്ചുവരുന്ന കൊവിഡ് കണക്കിൽ ആശങ്കപ്പെടേണ്ടെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഗംഗാ ദീപ് കാംഗിന്‍റെ അഭിപ്രായം. രോഗമുള്ള സ്ഥലത്ത് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാപക പരിശോധനയാണ് കേസുകൾ കണ്ടെത്തുന്നതിനും ടിപിആറും ഉയരുന്നതിനും കാരണമെന്നാണ് അദ്ദേഹം പറയുന്നത്.