കടല്‍ഭിത്തിയില്ലാത്തയിടങ്ങളില്‍ മനുഷ്യ ഭിത്തി നിര്‍മിച്ച് മത്സ്യത്തൊഴിലാളികള്‍
പൊന്നാനി: പിന്നില്‍ വീശിയടിക്കുന്ന തിരമാലകള്‍. മുന്നില്‍ കടല്‍ കവര്‍ന്ന വീടുകള്‍. ഇതിനിടയില്‍ കടല്‍ഭിത്തിയില്ലാത്തയിടങ്ങളില്‍ മനുഷ്യ ഭിത്തി നിര്‍മിച്ച് മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. കടല്‍ഭിത്തിയുടെ അഭാവം മൂലം നിരവധി വീടുകള്‍ കടലെടുത്തിട്ടും നടപടിയില്ലാത്തതിനെത്തുടര്‍ന്നാണ് കടലിലിറങ്ങി വേറിട്ട പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയത്.

കടലാക്രമണ ബാധിത മേഖലയായ പൊന്നാനി ഹിളര്‍ പള്ളിക്ക് സമീപമാണ് നാട്ടുകാര്‍ പ്രതിഷേധ മനുഷ്യ ഭിത്തി നിര്‍മിച്ചത്. ഹിളര്‍ പള്ളി മേഖലയില്‍ കഴിഞ്ഞ ഒരാഴ്‌ചക്കിടെ നിരവധി വീടുകളാണ് കടലെടുത്തത്. ഏറെ വീടുകള്‍ തകര്‍ച്ച ഭീഷണിയിലുമാണ്. കടല്‍ഭിത്തിയില്ലാത്ത സ്‌ഥലങ്ങളിലെ വീടുകളാണ് നേരിയ കടല്‍ക്ഷോഭത്തില്‍ പോലും തകരുന്നത്. കടല്‍ഭിത്തി നിര്‍മിക്കുമെന്ന വാഗ്‌ദാനം പാഴ് വാക്കായതോടെ പ്രദേശവാസികളും ഏറെ ദുരിതത്തിലാണ്.

തകര്‍ന്ന വീടുകള്‍ക്ക് നാമമാത്രമായ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്.വര്‍ഷങ്ങളായി അധികാരികളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടും ഫലമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടുകള്‍ കൂട്ടത്തോടെ തകരുന്നത് പതിവായതോടെ ജനകീയ സമരങ്ങളുമായി രംഗത്തിറങ്ങാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. നേരത്തെ മേഖലയിലിട്ട ചെറിയ കല്ലുകള്‍ കടലാക്രമണത്തെ പ്രതിരോധിക്കാന്‍ പ്രാപ്‌തമല്ലെന്നാണ് ഇവരുടെ പരാതി.

വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ദുരിതബാധിതരെ അണിനിരത്തി ശക്‌തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.