പ്ലസ് വണ്‍ സീറ്റുകള്‍: സര്‍ക്കാര്‍ തീരുമാനം അപര്യാപ്തം, വിവേചനപരം
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ വര്‍ധിപ്പിച്ച സീറ്റുകള്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് അപര്യാപ്തവും വിവേചനപരവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20 % സീറ്റ് വര്‍ധന വന്നിട്ടും മലപ്പുറം ജില്ലയില്‍ ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് പഠനാവസരമുണ്ടാകുന്നില്ല. മാത്രമല്ല നിലവിലുള്ള ബാച്ചുകളില്‍ സീറ്റ് വര്‍ധിപ്പിക്കുന്നത് പഠന മികവിനെ സാരമായി ബാധിക്കും. മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കണ്ടറി ഇല്ലാത്ത ഇരുപത് ഹൈസ്‌കൂളുകളുണ്ട്. പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച് ജനസംഖ്യക്കനുസരിച്ചുള്ള പരിഗണന മലപ്പുറം ജില്ലക്ക് നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. അശാസ്ത്രീയതയും അസന്തുലിതാവസ്ഥയും സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളിലും തുടരുകയാണ്. മലബാറില്‍ 20% സീറ്റ് വര്‍ധിപ്പിച്ചപ്പോഴും മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്ക് പര്യാപ്തമായ എണ്ണം സീറ്റ് ഉണ്ടാകുന്നില്ല. എന്നാല്‍ ഇതോടൊപ്പം മറ്റു ജില്ലകളില്‍ 10% സീറ്റ് വര്‍ധിപ്പിച്ചതിന്റെ താല്‍പര്യം എന്താണ്. നിലവില്‍ തന്നെ സീറ്റുകള്‍ ബാക്കിയുള്ള ജില്ലകളിലാണ് പത്ത് ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. വികസനത്തിന്റെ കാര്യത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുമ്പോഴും മറ്റു ചിലരെ തൃപ്തിപ്പെടുത്താനുള്ള അനാവശ്യ വ്യഗ്രത ഭരണ നേതൃത്വങ്ങളില്‍ കാണുന്നു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലും സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലും ഈ പ്രവണത പ്രകടമാണ്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഈ രോഗം പിടികൂടിയിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പും വിവേചനവും കാണിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. എസ്എസ്എല്‍സി പാസ്സായ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതില്‍ മലബാറിനെ അവഗണിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണം. മലപ്പുറത്തെ കുട്ടികള്‍ പഠന നിലവാരത്തില്‍ മുന്നേറിയപ്പോള്‍ വിഎസ് അച്ചുതാനന്ദന്‍ പ്രകടിപ്പിച്ച വംശീയമായ അസഹിഷ്ണുത പിണറായി വിജയനും തുടരുന്നതിന്റെ ദുര്‍ലക്ഷണങ്ങളാണ് കാണുന്നത്.