ലോകത്ത് 19.95 കോടി കൊവിഡ് ബാധിതർ.
രോഗമുക്തരുടെ എണ്ണം പതിനെട്ട് കോടി
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.70 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 42.47 ലക്ഷം പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി കടന്നു.
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇപ്പോഴും അമേരിക്ക തന്നെയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസിൽ മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.29 ലക്ഷം പേർ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം നാൽപതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനാറ് ലക്ഷമായി ഉയർന്നു.3.08 കോടി പേർ രോഗമുക്തി നേടി.നിലവിൽ 4.13 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.24 ലക്ഷം പേർ മരിച്ചു.