ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു; കെ ടി ജലീൽ
തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ രംഗത്ത്. ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ജലീല്‍ ആരോപിക്കുന്നത്. നിയമസഭയിലെ മീഡിയ റൂമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ.

കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നും അതിലും അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് ഇ.ഡി നോട്ടീസിന്റെ രേഖകള്‍ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയില്‍ ചാടിച്ചതാണെന്നും ജലീൽ ആരോപിച്ചു.സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ യോജിപ്പിച്ച് കേരള ബാങ്ക് എന്ന ആശയം രൂപീകരിച്ചപ്പോള്‍ കേരളത്തിലെ ബാക്കിയുള്ള 13 ജില്ലകളും അതില്‍ ലയിച്ചു. എന്നാൽ മലപ്പുറം ജില്ല മാത്രം മാറി നിന്നുവെന്നും ഇത് കള്ളപ്പണ ഇടപാടിന്റെ തെളിവാണെന്നും ജലീൽ പറഞ്ഞു. ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും ഭരിക്കുന്നത് കോൺഗ്രസോ ലീഗോ ആണെന്നും ജലീൽ വ്യക്തമാക്കി.