ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും ഇന്ധനവില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍

ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്നിട്ടും രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനമില്ല. ഇന്ധവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ എണ്ണക്കമ്പനികള്‍ കൊള്ളയടി തുടരുകയാണ്. ക്രൂഡോയില്‍ വിലക്കുറവിനെത്തുടര്‍ന്ന് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ വിലയില്‍ ചാഞ്ചാട്ടം പ്രകടമായതോടെ പുനര്‍ നിര്‍ണയം മരവിപ്പിക്കുകയായിരുന്നു പൊതു മേഖലാ എണ്ണ കമ്പനികള്‍. പതിനെട്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

തുടക്കത്തില്‍ ബാരലിന് എഴുപതു ഡോളറിലേക്കു താഴ്ന്ന വില ഉടന്‍ തന്നെ എഴുപത്തിയേഴിലേക്ക് ഉയര്‍ന്നു. പിന്നീട് വില വീണ്ടും 70ല്‍ എത്തിയെങ്കിലും അതില്‍ നിന്നില്ല. 75ലേക്ക് വര്‍ധിച്ച വില മാസാവസാനം 72.5ല്‍ ആയിരുന്നു. കഴിഞ്ഞ മാസം പതിനെട്ടിനു ശേഷം രാജ്യത്ത് ഇന്ധന വില പുതുക്കിയിട്ടില്ല. ഡല്‍ഹിയില്‍ പെട്രോളിന് 101.84 രൂപയും ഡീസലിന് 89.7 രൂപയാണ് വില.