കോവിഡ് വ്യാപനം: നാളെ മുതൽ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാളെ മുതൽ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു. RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കോ രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ മാത്രമാണ് നാളെ മുതൽ തമിഴ്നാട്ടിലേക്ക് പ്രവേശനം അനുവദിയ്ക്കുക.

യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. രണ്ട് ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പൂർത്തിയായവർക്കാണ് ഇളവ്. വാക്സിൻ സ്വീകരിച്ച യാത്രക്കാർ ഈ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും.

ഇതിന് മുന്നോടിയായി വാളയാർ അതിർത്തിയിൽ കഴിഞ്ഞ ദിവസം മുതൽ തമിഴ്നാട് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. തമിഴ്നാടിന് പുറമെ കേരളവും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഇ-പാസെടുത്തവരെ മാത്രമേ കേരളത്തിലേക്ക് കടത്തിവിടുന്നുള്ളു. ചരക്കുവാഹനങ്ങൾക്ക് മാത്രമാണ് ഇളവുള്ളതെന്ന് അധികൃതർ പറഞ്ഞു.

വിമാനമാർഗം തമിഴ്നാട്ടിലെത്തുന്നവർക്കും നിബന്ധനകൾ ബാധകമാണ്. വിമാനത്താവളങ്ങളിൽ ശരീര താപനില പരിശോധിക്കും. ഉയർന്ന താപനിലയുള്ളവർക്ക് റാപ്പിഡ് ആർടിപിസിആർ നടത്തും. ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കമുള്ള വിമാനത്താവളങ്ങളിൽ 13 മിനിട്ടിനുള്ളിൽ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്.