ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ വീരഗാഥ തീർത്തു.
ടോക്യോ: ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ജർമനിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികൾ വീരഗാഥ തീർത്തു. 5-4 ആണ് സ്കോർ. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത് എന്നിവരാണ് ഗോളുകൾ നേടിയത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.
കളി തുടങ്ങുമ്പോൾ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത് ഗോൾ നേടി. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. സിമ്രൻജിതിന്റെ മറ്റൊരു ഗോളിലൂടെ ഇന്ത്യൻ പ്രതീക്ഷകൾ വാനോളം ഉയരുകയായിരുന്നു. അവസാന നിമിഷത്തിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ പി. ആർ. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി
സെമിയില്‍ ബെല്‍ജിയത്തോടേറ്റ 5-2 തോല്‍വി മറന്നുകഴിഞ്ഞെന്നും വെങ്കലമെഡല്‍ പോരാട്ടം ജയിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ ടീം നായകന്‍ മന്‍പ്രീത് സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സെമിയില്‍ നന്നായി പൊരുതിയ ടീമിന് ജര്‍മനിയെ കീഴടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ആരാധകര്‍.
2008-ലും 2012-ലും ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ജര്‍മനി 2016-ല്‍ റിയോയില്‍ വെങ്കലം നേടിയിരുന്നു.