ഇത്തിഹാദ് എയര്‍വേസും ഫ്ളൈ ദുബായും ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തും.

കൊച്ചി: കൊച്ചി, തിരുവനന്തപുരം, ന്യൂഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് എത്തിഹാദ് സർവീസ് നടത്തുക. ഓഗസ്റ്റ് 10 മുതൽ ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ് (ട്രാൻസിറ്റ്) എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസുണ്ടാകും.ഫ്ളൈ ദുബായ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിട്ടില്ലെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ലിമിറ്റഡ് (സിയാൽ) നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചതായി ഫ്ളൈ ദുബായുടെ പേരിലുള്ള സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. എന്നാൽ ഇത് ഔദ്യോഗിക അറിയിപ്പല്ലെന്ന് വിമാന കമ്പനി അറിയിച്ചതായും സിയാൽ വ്യക്തമാക്കി.

ചില വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസ് തടസപ്പെട്ടിട്ടില്ലെന്നും സിയാൽ വ്യക്തമാക്കി. ഇന്ന് രണ്ട് വിമാന കമ്പനികൾ കൊച്ചിയിൽ നിന്ന് സർവീസ് നടത്തി. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ നാളെ യുഎയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായാണ് ഫ്ളൈ ദുബായ് അറിയിപ്പ് എന്ന നിലയിൽ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, നേപ്പാള്‍, ഉഗാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകളും ഫ്‌ളൈ ദുബായ് നിര്‍ത്തിവെച്ചതായും സ്ക്രീൻ ഷോട്ടിൽ പറയുന്നു.കഴിഞ്ഞദിവസമാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യു എഇയില്‍ ഇറങ്ങാന്‍ വീണ്ടും അനുമതി നല്‍കിയത്.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് യു എ ഇയിലേക്ക് സര്‍വീസ് പുനഃരാരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ എയര്‍ അറേബ്യയും എമിറേറ്റ്‌സുമാണ് സര്‍വീസ് നടത്തിയത്. ഇന്നുമുതല്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് പുനരാംരംഭിക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.നേരത്തെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആയിരക്കണക്കിന് പേർക്കാണ് ജോലി നഷ്ടപ്പെടുകയോ അത്യാവശ്യ യാത്രകള്‍ മാറ്റി വയ്ക്കുകയോ ചെയ്യേണ്ടി വന്നത്. നിലവില്‍ ഉപാധികളോടെയാണ് ഇന്ത്യക്കാര്‍ക്ക് യു എ ഇയുടെ യാത്രാനുമതി. താമസ വിസയുള്ളവരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളവര്‍ക്കുമാണ് അനുമതി.

ദുബായ് യാത്രക്കാര്‍ ജിഡിആര്‍എഫ്എ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 48 മണിക്കൂര്‍ പ്രാബല്യമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പുറപ്പെടല്‍ വിമാനത്താവളത്തില്‍ നിന്നെടുത്ത റാപിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. റസിഡന്റ്‌സ് വിസയുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വൈകാതെ തന്നെ മറ്റു യാത്രക്കാര്‍ക്കും അനുമതി ലഭിക്കുമെന്നാണ് മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷ.