ഗുസ്തിയില്‍ വെള്ളി മെഡലുമായി രവി കുമാര്‍ ദാഹിയ
ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അടുത്ത മെഡല്‍ നേട്ടം. ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയായാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിത്തന്നിരിക്കുന്നത്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിന്റെ ലോക ചാമ്പ്യന്‍ കൂടിയായ ഉഗുയേവ് സവുറിനെതിരെയാണ് സ്വര്‍ണ്ണ പോരാട്ടത്തിനിറങ്ങിയത്. 7-4 എന്ന നിലയില്‍ ആണ് റഷ്യന്‍ താരം വിജയിച്ചത്.
വലിയ മത്സരങ്ങള്‍ പരാജയപ്പെടാത്ത റഷ്യന്‍ താരത്തിനെതിരെ വീരോചിതമായ പോരാട്ടം നേടിയാണ് ഇന്ത്യന്‍ താരം പിന്നില്‍ പോയത്. പരാജയപ്പെട്ടുവെങ്കിലും അഭിമാനാര്‍ഹമായ പോരാട്ടം നടത്തിയ ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം ഇന്ത്യന്‍ ആരാധകര്‍ക്ക് തീര്‍ത്തും അഭിമാനകരമാണ്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കുവാന്‍ താരത്തിന് കഴിഞ്ഞില്ല.ആദ്യ പിരീഡില്‍ രണ്ട് പോയിന്റുമായി റഷ്യന്‍ താരം മുന്നിലെത്തിയെങ്കിലും രവി കുമാര്‍ ഒപ്പം പിടിയ്ക്കുന്ന കാഴ്ചയാണ് കണ്ടതെങ്കിലും ആദ്യ പിരീഡ് അവസാനിക്കുമ്പോള്‍ 2-4ന് രവി പിന്നിലായിരുന്നു.
സെമി പോരാട്ടത്തില്‍ കസാക്കിസ്ഥാന്റെ നൂറിസ്ലാം സാനായേവിനെ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരം ഫൈനലിലേക്ക് കടന്നത്. ശക്തരായ എതിരാളികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആവേശകരമായ പോരാട്ടമാണ് ടോക്യോയിലെ ഗോദയില്‍ അരങ്ങേറിയത്. കടുപ്പമേറിയ മത്സരത്തില്‍ പോയിന്റില്‍ വളരെയേറെ പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് രവി കുമാര്‍ കസാഖ് താരത്തെ മലര്‍ത്തിയടിച്ചത്.
മത്സരത്തില്‍ ആദ്യ റൗണ്ട് കഴിയുമ്പോള്‍ 2-1 എന്ന നിലയില്‍ നേരീയ രീതിയില്‍ ലീഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ താരത്തിനെതിരെ മികച്ച ഒരു മുന്നേറ്റം നടത്തിയ കസാഖ് താരം ഞൊടിയിടയില്‍ പോയിന്റുകള്‍ നേടി മുന്നിലേക്ക് കുതിച്ചു. തുടര്‍ച്ചയായി എട്ട് പോയിന്റുകള്‍ നേടിയ താരം വിജയം ഏതാണ്ട് ഉറപ്പിച്ചു നില്‍ക്കവേയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ അസാധ്യമായ തിരിച്ചുവരവ്.