ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവും പിടികൂടി. റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആര്‍ പി എഫ് പിടികൂടിയ യുവാവില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. കേസില്‍ മലപ്പുറം തിരൂര്‍ സ്വദേശി മുസ്തഫയെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.

കഞ്ചാവും ഹാഷിഷ് ഓയിലും ബാഗില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. കഞ്ചാവ് നാലു പാക്കറ്റുകളിലും ഹാഷിഷ് ഓയില്‍ ഒരു പാക്കറ്റിലുമാണ് ഉണ്ടായിരുന്നത്. ആന്ധ്രയില്‍ നിന്നും തിരൂരിലേക്ക് കടത്താനായിരുന്നു ശ്രമം.

ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടി വിലവരുമെന്ന് ആര്‍ പി എഫ് വ്യക്തമാക്കി. കഞ്ചാവിന് രണ്ടു ലക്ഷം രൂപ കണക്കാക്കുന്നു. പ്രതിയെ തുടര്‍നടപടികള്‍ക്കായി ഒറ്റപ്പാലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.ആര്‍പിഎഫ് പോസ്റ്റ്കമാണ്ടര്‍ മനോജ്കുമാര്‍ യാദവ്, എ എസ് ഐ വി. ബാലകൃഷ്ണന്‍, പി തിലീപ്കുമാര്‍, രാമകൃഷ്ണന്‍ തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.