കെ.ഡി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.യു.ഫസലൂര്‍ റഹിമാന്‍ അന്തരിച്ചു

മലപ്പുറം. കേരള ദലിത് ഫെഡറേഷന്‍ ( കെ.ഡി.എഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.യു.ഫസലൂര്‍ റഹിമാന്‍ (56) അന്തരിച്ചു. കൊവിഡ് ബാധിതനായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു മരണം. പൊന്നാനി ഈഴുവത്തിരുത്തി ഐ ടി സി റോഡില്‍ കുട്ടുങ്ങാനകത്ത് പരേതരായ മുഹമ്മദ് ഹാജിയുടെയും ആമിനാ ബീവിയുടെയും മകനാണ്. ഖബറടക്കം ഇന്ന് രാത്രി വേദാം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി മോശമാവുക ആയിരുന്നു.

കൊവിഡ് ബാധിച്ച അദ്ദേഹത്തെ ആദ്യം തവനൂര്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജൂലൈ 23നാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.1997ല്‍ കെ.ഡി.എഫിന്റെ രൂപീകരണ കാലം മുതല്‍ നേതൃനിരയിലും സംഘാടനത്തിലും സജീവമായിരുന്നു അദ്ദേഹം. മിതഭാഷിയും സൗമ്യനുമായിരുന്ന ഫസലൂര്‍ റഹിമാന്‍ കെ.ഡി.എഫിന്റെ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു. കെ.ഡി.എഫിന്റെ മതേതര മുഖമായി മാറിയ അദ്ദേഹം പിന്നാക്ക ദലിത് വിഭാഗങ്ങളുടെ അവകാശ സമരങ്ങളുടെ എക്കാലത്തെയും മുന്നണി പോരാളി ആയിരുന്നു. കേരളത്തിലുടനീളം എണ്ണമറ്റ മനുഷ്യാവകാശ വിഷങ്ങളിലും അദ്ദേഹം നിരന്തരം ഇടപെട്ടു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വിശ്രമില്ലാത്ത യാത്ര ചെയ്താണ് അദ്ദേഹം കെ.ഡി.എഫിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.ജനകീയ അവകാശ സമിതിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച് വരിക ആയിരുന്നു.അബ്ദുള്‍ ഗഫൂര്‍, ഹിഫ്‌സു റഹിമാന്‍, അബ്ദുള്‍ സലാം,ഇസ്മയില്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഫസലൂര്‍ റഹിമാന്‍ അവിവാഹിതനാണ്.കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍, ജനകീയ അവകാശ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്.പ്രഹ്ലാദന്‍ അനുശോചിച്ചു.