ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി:കെ ടി ജലീൽ

വളാഞ്ചേരി: പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്ന് കെ.ടി. ജലീൽ. മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ഇത്. വാക്കുപറഞ്ഞാൽ വാക്കാവണമെന്നും അതുകൊണ്ടാണ് താൻ മറ്റ് കാര്യങ്ങൾ പുറത്തുവിടാത്തതെന്നും ജലീൽ പറഞ്ഞു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലെ തീരുമാനങ്ങൾ അറിഞ്ഞ ശേഷം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞാലിക്കുട്ടി വായതുറക്കാത്ത വാര്‍ത്താ സമ്മേളനമാണ് ഇന്ന് നടന്നതെന്നും അത് ചരിത്രമാണെന്നും ജലീല്‍ പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സ്വസ്ഥമായി കാര്യങ്ങള്‍ പറയാന്‍ പറ്റി, ഇ.ടി. മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന് പറയാനുള്ളത് മുഴുവന്‍ പറഞ്ഞു, പി.എം.എ. സലാം ജനറല്‍ സെക്രട്ടറിയായതിന് ശേഷം ആദ്യമായി കാര്യങ്ങള്‍ വിശദീകരിച്ചു. ആരും മൈക്ക് തട്ടിപ്പറിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചതാണ് ഇന്ന് നടന്നതെന്നും ജലീൽ അഭിപ്രായപ്പെട്ടു.

ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. പി.എം. അബൂബക്കർ സാഹിബിനെയും സേട്ട് സാഹിബിനെയും അടക്കം പാർട്ടിയിൽ നിന്ന് പുറത്താക്കിയത് അദ്ദേഹമാണ്. മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും ലീഗിൽ ഒരു തലമുറ ജനിക്കുമെന്നും ജലീൽ ഓർമപ്പെടുത്തി. മുഈനലിക്കെതിരെ നടപടിയുണ്ടാവാത്തതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ഫോണ്‍ രേഖകള്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കെ ടി ജലീലിനെ വാർത്താ സമ്മേളനത്തിന്റെ പൂർണ്ണരൂപം

https://www.facebook.com/104151494794973/videos/192150646303776/