Shobika

യാത്രക്കാരുടെ സുരക്ഷയ്ക്കായി തിരൂര്‍-കടലുണ്ടി റോഡില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം

തിരൂര്‍ -കടലുണ്ടി റോഡില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാനും ആവശ്യമായ മേഖലകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. റോഡ് കടന്നു പോകുന്ന താനൂര്‍, താനാളൂര്‍, തിരൂര്‍ മേഖലകളിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക. ഇതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അടുത്ത ആഴ്ച പഞ്ചായത്ത് സെക്രട്ടറിമാരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗം ചേരും. രണ്ടു വര്‍ഷത്തെ നിരന്തര പഠനത്തിന് ശേഷം ഡിപിഎം എന്ന അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡില്‍ പുലര്‍ച്ചെ സമയങ്ങളില്‍ വാഹനാപകടം ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷക്രമീകരണങ്ങള്‍ ശക്തമാക്കുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും മികച്ച റോഡുകളിലൊന്നാണ് താനൂരിലേതെന്നും തികച്ചും ശാസ്ത്രീയമായാണ് പ്രവൃത്തി നടത്തിയതെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ യോഗത്തിന് ശേഷം പറഞ്ഞു. പുലര്‍ച്ചെ സമയമായതിനാല്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും അദ്ദേഹം പറഞ്ഞു. പകല്‍ സമയങ്ങളില്‍ ഈ റോഡില്‍ വാഹനാപകടങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അപകടങ്ങളെ നിസ്സാരമായി കാണുന്നില്ലെന്നും അതേസമയം തെറ്റായ പ്രചാരണം നടത്തുന്നവര്‍ കാര്യങ്ങള്‍ വിശദമായി പഠിച്ച് അഭിപ്രായം പറയാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

1 st paragraph

അശാസ്ത്രീയ ഡ്രൈവിങാണ് പലപ്പോഴും വാഹനാപകടങ്ങള്‍ക്കിടയാക്കുന്നത്. അതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പരമാവധി ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ഏറ്റവും കുടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് താനൂര്‍. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ താനൂരില്‍ ഇനിയും വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.