സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം
തിരുവനന്തപുരം: പരമാവധി പേർക്ക് വാക്സിൻ നൽകുന്നതിനായി സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. ഇതിൻെറ ഭാഗമായി വാക്സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കും എൽ.പി-യു. പി സ്‌കൂൾ അദ്ധ്യാപകർക്കും വാക്സിനേഷൻ പൂർത്തീകരിക്കുക ഈ യജ്ഞത്തിൻെറ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ പറഞ്ഞു.


മാളുകൾ ബുധനാഴ്ച മുതൽ കർക്കശമായ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി തുറക്കാൻ അനുവദിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മുതൽ വൈകിട്ട് 9 വരെ വരെയാണ് സമയം.സ്വകാര്യ മേഖലയ്ക്കും കൂടുതൽ വാക്സിനുകൾ ലഭ്യമാക്കേണ്ടതിൻെറ ഭാഗമായി സർക്കാർ 20 ലക്ഷം ഡോസ് വാക്സിനുകൾ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകും. എത്രമാത്രം വാക്സിൻ ആശുപത്രികൾക്ക് നൽകാൻ കഴിയും എന്ന് കണക്കാക്കിയായിരിക്കും വിതരണം.


വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും ആശുപത്രികളുമായി സഹകരിച്ച് സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാക്സിൻ നൽകാം. ഇതിനുള്ള സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാവുന്നതാണ്.മുതിർന്ന പൗരൻമാർക്കുള്ള വാക്സിനേഷൻ ആഗസ്റ്റ് പതിനഞ്ചിനകം പൂർത്തിയാക്കും. അറുപത് വയസ് കഴിഞ്ഞവർക്കുള്ള ആദ്യ ഡോസാണ് പൂർത്തീകരിക്കുക. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകും.നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാകേണ്ട ഉദ്യോഗസ്ഥർ എത്തുന്നുണ്ടോ എന്ന് മേലധികാരികൾ ഉറപ്പാക്കണം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
