മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടി;പി കെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം: മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടിയാണെന്ന ആരോപണവുമായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ രംഗത്ത്. സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള ശ്രമമാണിത്. ലീഗിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്റലക്ച്വല്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണമുന്നയിച്ചതിനുശേഷം ആദ്യമായാണ് കുഞ്ഞാലിക്കുട്ടി പരസ്യമായി പ്രതികരിക്കുന്നത്.കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. സമുദായത്തിന്റെ അവകാശങ്ങള്‍ക്കും അവശ വിഭാഗങ്ങളുടെ ഉയര്‍ച്ചക്കും വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ വിവാദങ്ങളുമായി രംഗത്തുവരും. എതിരാളികള്‍ തീര്‍ക്കുന്ന കെണിയില്‍ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സിപിഎം സൃഷ്ടിച്ചതാണ്. സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധതിരിച്ച് വിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നത്.സമുദായത്തിന് വേണ്ടി കപട സ്‌നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ഉള്ളും പുറവും ഒരു പോലെയുള്ള പാര്‍ട്ടിയാണ് ലീഗ്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല.
മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കും. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മണ്ടന്‍ നയങ്ങളാണ് നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ഓരോ കാര്യങ്ങളും സര്‍ക്കാരിന് അംഗീകരിക്കേണ്ടിവരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈദരലി തങ്ങള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാവേണ്ടിവന്നതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈന്‍ അലിയുടെ ആരോപണം.ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാവാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുല്‍ സമീറിന്റെ കഴിവുകേടാണെന്നും തന്റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഈന്‍ അലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേര്‍ന്ന ഉന്നതാധികാരസമിതി തള്ളിയിരുന്നു. രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരേ നടപടി പറ്റില്ലെന്ന് മറ്റുള്ളവര്‍ നിലപാടെടുക്കുയായിരുന്നു. പിഎംഎ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് സംസാരിച്ചത്.