തിരൂരില്‍ മിനി സിവില്‍സ്റ്റേഷന് പുതിയ കെട്ടിടം സര്‍ക്കാര്‍ പരിഗണനയിലെന്ന് എം.എല്‍.എ കുറുക്കോളി മൊയ്തീന്‍
തിരൂരില്‍ നിലവിലുള്ള മിനി സിവില്‍ സ്റ്റേഷനോടനുബന്ധിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ പരിഗണയിലെന്ന് മണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരുമായും റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ താലൂക്കിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കും. നിലവിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് പിന്‍ഭാഗത്തായാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ആലോചിക്കുന്നത്. കൂടാതെ വളവന്നൂരില്‍ റവന്യുവകുപ്പിന് കീഴിലുള്ള സ്ഥലത്ത് റവന്യുടവര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും തിരൂരിലെ 10 വില്ലേജുകളില്‍ റീ സര്‍വെ നടത്തുന്നത് സംബന്ധിച്ചും മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി എം.എല്‍.എ അറിയിച്ചു.
റവന്യു ഡിവിഷണല്‍ ഓഫീസില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും തീരദേശ വില്ലേജ് സ്ഥാപിക്കുന്നത് സംബന്ധിച്ചും മന്ത്രിയുമായി ചര്‍ച്ച നടത്തി. കല്‍പകഞ്ചേരിയില്‍ സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിനായി ആവശ്യമെങ്കില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിക്കാമെന്ന് മന്ത്രിയെ അറിയിച്ചതായും എം.എല്‍.എ പറഞ്ഞു.