മത്സ്യ തൊഴിലാളികള്‍ മത്സ്യവുമായി കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു

മലപ്പുറം : കേന്ദ്ര മറൈന്‍ ഫിഷറീസ് ബില്ലും ബ്ലു ഇക്കണോമി ബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മത്സ്യതൊഴിലാളി ഫെഡറേഷന്‍ ( എ ഐ ടി യു സി ) യുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ മത്സ്യവുമായി പ്രതിഷേധ മാര്‍ച്ച് നടത്തി.

ഈ നിയമം കേന്ദ്രം പാസാക്കിയാല്‍ 12 നോട്ടിക്കല്‍ മൈല്‍ മാത്രമേ തൊഴിലാളികള്‍ക്ക് പോകാന്‍ പറ്റുകയുള്ളു. നിയമം പാസായാല്‍ അത് മത്സ്യ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. ഈ നിയമം പാസാക്കികഴിഞ്ഞാല്‍ 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനപ്പുറത്തേക്ക് പോയാല്‍ രണ്ട് ലക്ഷം രൂപ വരെ ഫൈന്‍ ഈടാക്കാവുന്ന നിയമമാണിത്. പരമ്പാരാഗത മത്സ്യ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഈ ബില്‍ എടുത്തു കളയണമെന്നും, കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുക, പരാമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് വെട്ടിക്കുറച്ച മണ്ണെണ്ണ ക്വാട്ട പുനസ്ഥാപിക്കുക, ബോട്ടുകാര്‍ക്ക് ഡീസല്‍ സബ്‌സീഡി നല്‍കുക, കോവിഡ് കാലത്ത് മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.

മത്സ്യതൊഴിലാളി ഫെഡറേഷന്‍ ( എ ഐ ടി യു സി ) യുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ പ്രസിഡന്റ് ഹുസൈന്‍ ഇസ്പാടത്ത് അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ റസാഖ്, മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ദേശീയ ട്രഷറര്‍ എ കെ ജബ്ബാര്‍, മജീദ് പരപ്പനങ്ങാടി, അബ്ദുള്ളക്കുട്ടി , പി പി സലീം കൂട്ടായി എന്നിവര്‍ സംസാരിച്ചു.