പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും.
ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 15 ന് നട തുറക്കുമ്പോള്‍ രണ്ടു ഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കും.
ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കില്‍ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ കൂടി പങ്കെടുത്തുകൊണ്ടാകും യോഗം.
ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണം.
സംസ്ഥാനത്തെ ആശുപത്രികളിൽ പീഡിയാട്രിക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. വിദേശത്തു പോകാനായി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര വാക്‌സിന്‍ എന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിൽനിന്നാണ് കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തിൽനിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ രോഗികളാണ് പ്രതിദിനം പുതിയതായി വരുന്നത്. 13 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ഇന്ന് 15 ശതമാനം കടക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് അടുത്തിടെയായി പ്രതിദിനം 30,000നും 40,000നും ഇടയിലാണ് രോഗികളുടെ എണ്ണം. ഇതില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ ആറംഗ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് കണ്ടെയ്ൻമെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിലും അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും കേരളം വീഴ്ച വരുത്തി. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ചല്ല കേരളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും കേന്ദ്രസംഘം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ടിപിആർ പത്ത് ശതമാനത്തിന് മുകളിലാണ്. സിഎഫ്ആർ(കേസ് ഫറ്റലിറ്റി റേറ്റ്) 0.5 ശതമാനമാണ്. ഐസിഎംആർ റിപ്പോർട്ട് പ്രകാരം 44 ശതമാനമാണ് സംസ്ഥാനത്തെ സെറോപോസിറ്റീവ് നിരക്ക്.
മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 80 ശതമാനത്തിൽ അധികവും ഡെൽറ്റ വകഭേദമാണെന്നും കേന്ദ്രസംഘത്തിന്‍റെ റിപ്പോർട്ടിലുണ്ട്. വീടുകളിൽ കോവിഡ് പകരുന്ന സ്ഥിതിവിശേഷം കേരളത്തിൽ വളരെ കൂടുതലാണെന്ന് കേന്ദ്രസംഘം വ്യക്തമാക്കുന്നു. ഇതുകൊണ്ടുതന്നെ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നു. മെയ്, ജൂൺ മാസങ്ങളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ 30 ശതമാനം വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 72 മണിക്കൂറിനകം സംഭവിച്ചതാണെന്ന സ്ഥിതിവിശേഷവും കേന്ദ്രസംഘം ചൂണ്ടിക്കാണിക്കുന്നു.