അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും രാജ്യത്തെ പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ
മുംബൈ: നാലുമാസത്തെ കുറഞ്ഞ നിലയിലേക്ക് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂപ്പുകുത്തിയിട്ടും രാജ്യത്ത് ഇന്ധനവില കുറക്കാതെ എണ്ണക്കമ്പനികൾ. ബ്രൻറ് ക്രൂഡോയിൽ തിങ്കളാഴ്ച ബാരലിന് 67.77 ഡോളർ നിരക്കിലാണ്. ജൂലൈ അഞ്ചിന് ക്രൂഡോയിലിന് 77.16 ഡോളർ വിലയുള്ളപ്പോൾ നൽകിയ അതേ വിലയിലാണ് ഇന്നും ജനം പെട്രോളും ഡീസലും നിറക്കുന്നത്. ജൂലൈ 17വരെ ഇടവിട്ട് പെട്രോൾ, ഡീസൽ വില ഉയർത്തിയ എണ്ണക്കമ്പനികൾ പക്ഷേ, ക്രൂഡോയിൽ വിലയിലെ കുറവ് അറിഞ്ഞ മട്ടില്ല.
കോവിഡ് ഡെൽറ്റ വകഭേദം പടരുന്നതിനാൽ ചൈനയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ക്രൂഡോയിൽ വില ഇടിഞ്ഞത്. വേനൽ അവധിയുടെ യാത്രനാളുകൾ എത്തിയിരിക്കെയാണ് നിയന്ത്രണം. ഇതോടെ ലോകത്ത് ഇന്ധന ഉപഭോഗത്തിൽ കാര്യമായ കുറവുവരുമെന്ന ആശങ്ക പടർന്നതോടെ തിങ്കളാഴ്ച ബ്രൻറ് ക്രൂഡോയിലിന് മൂന്നുശതമാനം വിലത്തകർച്ച സംഭവിച്ചു. കേരളത്തിൽ നിലവിൽ പെട്രോളിന് 103.82 രൂപ, ഡീസലിന് 96.47 രൂപ എന്നിങ്ങനെയാണ് വില.
അന്താരാഷ്ട്ര ക്രൂഡോയിൽ വിലയിലെ 15 ദിവസത്തെ ശരാശരി വിലയും ഡോളർ വിനിമയനിരക്കും അളവുകോലാക്കിയാണ് രാജ്യത്ത് ഇന്ധനവില നിശ്ചയിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി രാജ്യത്ത് പെട്രോൾ, ഡീസൽ ഉപഭോഗം വർധിക്കുകയാണ്. ജൂണിൽ 24.09 ലക്ഷം മെട്രിക് ടണ്ണാണ് പെടോൾ ഉപഭോഗം. ഡീസൽ 62.03 ലക്ഷം മെട്രിക് ടണ്ണും.
ഇന്ധന വിലവർധനയിലൂടെ പൊതു, സ്വകാര്യ മേഖലയിലെ എണ്ണക്കമ്പനികൾ ഈ സാമ്പത്തിക വർഷം ഇതുവരെ വൻലാഭം നേടിയെന്ന് പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി) റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖല എണ്ണ ക്കമ്പനികളുടെ നികുതിയേതര ലാഭം ഇക്കാലത്ത് 51,542 കോടിയായി. സ്വകാര്യ മേഖലയിലെ റിലയൻസിന് 31,944 കോടിയും. നികുതികളിലൂടെ മൊത്തം 6.71 ലക്ഷം കോടിയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ലഭിച്ച വരുമാനം.