മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ. മദ്യം വാങ്ങാനെത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ രേഖയോ കയ്യില്‍ കരുതണമെന്നാണ് ബെവ്‌കോയുടെ പുതിയ നിര്‍ദേശം. നാളെ മുതല്‍ പുതിയ രീതി നടപ്പാക്കുമെന്ന് ബെവ്‌കോ അറിയിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കുമുന്നില്‍ നോട്ടിസ് പതിപ്പിക്കാനും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് ബെവ്‌കോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വര്‍ധിക്കുന്നതിനിടയിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈക്കോടതി ഇന്നും രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ അടക്കം നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചു.പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്ന സ്ഥലം പോലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കാണുമ്പോള്‍ തോന്നുന്നതെന്നും ഇത്തരം ഇരുട്ട് നിറഞ്ഞ ഇടങ്ങളാണോ നിങ്ങള്‍ മദ്യ വില്‍പനയ്ക്ക് കണ്ടുവച്ച സ്ഥലങ്ങളെന്ന് ഫോട്ടോ ഉയര്‍ത്തിക്കാട്ടി കോടതി ചോദിച്ചു. ഇത്തരം ആള്‍ക്കൂട്ടം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.

വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിക്ക് മറുപടി നല്‍കും. ഈ പശ്ചാത്തലത്തിലാണ് ബെവ്‌കോയുടെ പുതിയ തീരുമാനം.