60 വയസ് കഴിഞ്ഞ കിടപ്പുരോഗികൾക്ക് കോവിഡ് വാക്സിൻ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.
മലപ്പുറം: കോവിഡ് വ്യാപനം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കാൻ തീരുമാനം.60 വയസിനുമേൽ പ്രായം ഉള്ള ,ഇതുവരെ ഒരു ഡോസ് പോലും വാക്സിൻ എടുക്കാത്ത മുഴുവൻ ആൾക്കാർക്കും ,18 വയസ്സിനു മേൽ പ്രായം ഉള്ള എല്ലാ കിടപ്പു രോഗികൾക്കും ആഗസ്ത് 15 നു മുൻപ് ഒരു ഡോസ് കോവിഡ് വാക്സിൻ എങ്കിലും നൽകുന്നതിന് പ്രത്യേക കാമ്പയിൻ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .കെ സക്കീന അറിയിച്ചു.
ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെയും ഒരു ഡോസ് പോലും വാക്സിൻ ലഭിച്ചിട്ടില്ലാത്ത 60 വയസ് കഴിഞ്ഞ എല്ലാവരുടെയും , 18 വയസ് കഴിഞ്ഞ വാക്സിൻ എടുക്കാത്ത കിടപ്പു രോഗികളുടെയും ലിസ്റ്റ് ജനപ്രതിനിധികളുടെയും ,സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ തയ്യാറാക്കി അവർക്കായി പ്രത്യേക വാക്സിനേഷൻ ക്യാംപുകൾ നടത്തും. കിടപ്പു രോഗികൾക്ക് വാക്സിൻ നൽകുന്നതിന് മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ സജ്ജീകരിക്കും. ഈ രണ്ടു വിഭാഗം ആളുകൾക്കും ആഗസ്ത് 15 ന് മുൻപ് ഒരു ഡോസ് വാക്സിൻ എങ്കിലും നൽകേണ്ടതുണ്ട്.കോവിഡ് രോഗം ബാധിച്ചാൽ അത് കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളത് മേൽ സൂചിപ്പിച്ച വിഭാഗക്കാരിൽ ആണ്. അതിനാൽ അത്തരക്കാരിൽ രോഗം ഗുരുതരം ആകാൻ ഉള്ള സാഹചര്യം ഒഴിവാക്കുകയും ,മരണ സാധ്യത കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാംപയിൻ ലക്‌ഷ്യം വെക്കുന്നത്.ജില്ലയിൽ ഈ കാമ്പയിൻ വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളുടെയും ,സന്നദ്ധപ്രവർത്തകരുടെയും .ഇതര വകുപ്പുകളുടെയും സഹകരണം ആവശ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടെയും നേതൃത്വത്തിൽ വാക്സിൻ ഇതുവരെ ലഭിക്കാത്ത 18 വയസ് കഴിഞ്ഞ കിടപ്പുരോഗികളുടെ വീടിനു സമീപം കുത്തിവെപ്പ് ക്യാംപുകൾ സംഘടിപ്പിച്ച് അവിടേക്ക് പ്രസ്തുത പരിസരത്തെ 60 വയസ്സ് കഴിഞ്ഞ ഒരു കുത്തിവെപ്പ് പോലും എടുക്കാത്തവരെയും കൂടി എത്തിക്കുന്ന പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. ഇതിനായി ഓരോ പ്രദേശത്തെയും 18 വയസ് കഴിഞ്ഞ കിടപ്പുരോഗികളുടെയും , 60 വയസ് കഴിഞ്ഞവരുടെയും ലിസ്റ്റ് തയ്യാറാക്കി, അതിൽ ഒരു ഡോസ് പോലും ലഭിക്കാത്തവരെ പ്രത്യേകം കണ്ടെത്തി അവരെ കുത്തിവെപ്പ് ക്യാമ്പുകളിലേക്ക് എത്തിക്കുന്ന പ്രവർത്തനം ആണ് നടത്തേണ്ടത്.