പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ; മുഖ്യമന്ത്രി

സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്നും

തിരുവനന്തപുരം:പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ടെന്നതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

പ്രണയാഭ്യർത്ഥന നിരസിക്കപ്പെടുന്നതിന്റെ പേരിലോ, പ്രണയ ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണമോ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലത്തായി സംസ്ഥാനത്തുണ്ടായത്. ബിഡിഎസ് വിദ്യാർത്ഥിനി മാനസയായിരുന്നു ഒടുവിലത്തെ ഇര.മാനസ കേസിൽ കൊലപാതകിയായ രഗിൽ ബീഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നും, ജനപ്രതിനിധികൾ അത്തരം വിവാഹങ്ങളിൽ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.