സംസ്ഥാനത്ത് കണ്ടെയിൻമെന്‍റ് സോണുകളുടെ മാനദണ്ഡം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയിൻമെന്‍റ് സോണുകളുടെ മാനദണ്ഡം പുതുക്കി. ഇതുവരെ വാർഡുകളെയാണ് കണ്ടെയിൻമെന്‍റ് സോണാക്കി നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. ഇനി മുതൽ വാർഡുകളേക്കാൾ ചെറിയ മേഖലകളെ മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കി നിയന്ത്രണമേർപ്പെടുത്തും. വാര്‍ഡ് ആകെ അടച്ചിടുന്നതിന് പകരം എവിടെയാണോ രോഗവ്യാപനമുള്ളത് അവിടെ മാത്രം അടച്ചിടുക എന്നതാണ് പുതിയരീതി.

10 പേരിൽ കൂടുതലുള്ള വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ ഇനി മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കി മാറ്റാം. ഇതുകൂടാതെ തെരുവുകൾ, ഹൗസിങ് കോളനികള്‍, ഷോപ്പിങ് മാളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, മത്സ്യവിപണന കേന്ദ്രം, ഫ്ലാറ്റ് തുടങ്ങി ഏത് പ്രദേശത്തും രോഗവ്യാപനമുണ്ടായാല്‍ മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കി മാറ്റി നിയന്ത്രണമേർപ്പെടുത്താം.

100 മീറ്ററിനുള്ളിൽ ഒരു ദിവസം അഞ്ച് പേരിൽ കൂടുതൽ പോസിറ്റീവായാൽ ആ മേഖലയെയും മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കാനാണ് തീരുമാനം. മൈക്രോ കണ്ടെയിൻമെന്‍റ് സോണുകളിൽ ഏഴ് ദിവസത്തേക്കാണ് നിയന്ത്രണമുണ്ടാകുക. ട്രിപ്പിൾ ലോക്ഡൗണാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തുക.