ട്രാൻസ് ജെൻഡേഴ്സിനായി തിരൂരിൽ അപ്പാരൽ സെന്ററിന് തുടക്കമായി.
തിരൂർ: രാജ്യത്തെ ഏഴുപത്തഞ്ചാമത്സ്വാതന്ത്ര ദിനത്തിൽ ജില്ലയിലെ ട്രാൻസ് ജെൻഡേഴ്‌സിനായിതിരൂരിൽ “അദ്വൈത – ലീഡ്സ്” എന്ന പേരിൽ അപ്പാരൽ ഡിസൈൻ സ്കിൽ ഡെവലപ്മെന്റ് ആന്റ് പ്രൊഡക്ഷൻസെന്ററിന് തുടക്കമായി.ട്രാൻസ് ജെൻഡേഴ്സിന്റെ പുനരിധിവാസവും സാമൂഹിക, സാമ്പത്തിക സുരക്ഷയും ലക്ഷ്യം വെച്ചാണ് അപ്പാരൽസെന്ററിന് തുടക്കമിടുന്നത്.
തിരൂർ എസ്.എസ്.എം. പോളി ടെക്നിക്കിന് കീഴിലുള്ള സെന്റർ ഫോർ ലോക്കൽ എംപവർമെന്റ് ആന്റ് സോഷ്യൽ ഡവലപ്മെന്റ് (ലീഡ്സ്) ജില്ലയിലെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി കൂട്ടായ്മയായ ‘അദ്വൈത’ കൾച്ചറൽ സൊസൈറ്റിയുമായി ചേർന്നാണ് അദ്വൈത ലീഡ്സ് അപ്പാരൽ സെന്റർ യാഥാർഥ്യമാക്കിയത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ മലബാർ റൗണ്ട് ടേബിളാണ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകിയത്.
സ്ഥാപനത്തിൽ നിർമ്മിക്കുന്ന ഫാഷൻ ഡിസൈനിംഗ് ചെയ്ത വസ്ത്ര ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിൽ ഇറക്കും. സ്ഥാപനത്തിന്റെ പ്രവർത്തന ഉദ്ഘാടനം തൃക്കണ്ടിയൂരിൽ എസ്.എസ്.എം. പോളിടെക്നിക്ക് ചെയർമാൻ കെ. കുട്ടി അഹമ്മദ് കുട്ടി നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ രേഖകൾ കൈമാറി പോളിടെക്നിക് പ്രിൻസിപ്പൽ അബ്ദുൽ നാസർ കൈപ്പഞ്ചേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കാർഗിൽ യുദ്ധ സൈനികൻ എൻ. ജയപ്രകാശ് നായരെയുംജില്ലയിൽ വനിതകൾക്കായി ആയിരത്തിലധികം തൊഴിൽ സംരംഭങ്ങൾ സ്ഥാപിച്ച എ. സഫ്നയെയും ആദരിച്ചു.നേഹ സി മേനോൻ , മുജീബ് താനാളൂർ, ഹാഷിം എ.എസ്. എസ്. അൻവർ ,ആബിദ ചെമ്പ്ര, എൻ.സൈഫുന്നിസ, പി എസ് നസീമ, ഷാജി ജോർജ് പി. ദിൽഹ എന്നിവർ സംസാരിച്ചു