സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കൽപ്പമാണ് ഇന്ന് ദേശീയ തലത്തിൽ മുദ്രാവാക്യമായിരിക്കുന്നത്. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകൾ എത്രത്തോളം രാജ്യത്ത് ഫലവത്താക്കാൻ കഴിഞ്ഞുവെന്ന് പരിശോധിക്കണം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിജ്ഞ എടുക്കണം. ജനങ്ങൾക്കിടയിലെ അന്തരം ഇല്ലാതാക്കാൻ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാമാരി കാലത്ത് ജീവന് സംരക്ഷണം നൽകുന്നതിനാണ് പരിഗണന. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞ ഈ ദിനത്തിൽ എടുക്കണം. ഒപ്പം ജീവനോപാധികൾ നിലനിർത്തുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.