Fincat

നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന് സിപിഎമ്മിനും ബോദ്ധ്യമായതായി കെ.സുരേന്ദ്രൻ.

തിരുവനന്തപുരം: ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുനടന്നവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്ന് സിപിഎമ്മിന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമാണ് ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോദ്ധ്യമായതായി അദ്ദേഹം പറഞ്ഞു. എഴുപത്തിനാലു വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോൾ ആഘോഷിക്കുന്നത് സ്വാഗതാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച മാരത്തോൺ യുവ സങ്കൽപ്പയാത്ര കവടിയാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഇപ്പോൾ ദേശീയപതാക ഉയർത്താൻ എത്തിയില്ലെങ്കിലും അടുത്ത വർഷം മുതൽ അവരും പങ്കാളികളാവുമെന്നും അഞ്ചു വർഷം കഴിഞ്ഞാൽ സിപിഎം വന്ദേമാതരം ചൊല്ലാനും തുടങ്ങുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.

മോദിയുടെ കീഴിൽ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. അഴിമതി രഹിതമായതും സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്.പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സർക്കാരാണെന്നത് അഭിമാനാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.