ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള ശ്രമം ചെറുക്കണം: മന്ത്രി വി. അബ്ദുറഹിമാൻ,രാഷ്ട്രത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ജില്ലാ ആസ്ഥാനത്ത് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കിയാണ് പരിപാടികള്‍ നടന്നത്. രാവിലെ ഒമ്പത് മണിക്ക് ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തി.
മതേതര മൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ഠിതമായി രൂപപ്പെട്ട ദേശീയത ഐക്യബോധത്തോടെ കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. സങ്കുചിത വികാരങ്ങളില്‍ പടുത്തുയര്‍ത്തുന്ന കപട ദേശീയത അപകടകരമാണ്. പ്രത്യേക അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ശീലങ്ങളും ചിന്തകളും ഐക്യ ബോധത്തിനല്ല ഭിന്നിപ്പിനാണ് വഴിവെക്കുക.
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ദേശീയതയാണ് രാഷ്ട്രപിതാവ് ഉള്‍പ്പെടെയുളള സ്വാതന്ത്ര്യ സമര നായകര്‍ ഉയര്‍ത്തിപ്പിടിച്ചത്. അതില്‍ വിഷം ചേര്‍ക്കാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും ചെറുത്തു തോല്‍പ്പിക്കണമെന്നും സ്വാതന്ത്ര്യത്തിനുമേല്‍ ചോദ്യചിഹ്നമായ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ ജനകീയ മുന്നേറ്റത്തിന് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ സ്വാതന്ത്ര്യ സമരം പകര്‍ന്നുതന്ന ഒരുമയുടെ കരുത്തും പോരാട്ടവീര്യവും ഊര്‍ജ്ജമാക്കണമെന്നും കോവിഡിനെതിരായ കരുതല്‍ കൈവിടരുതെന്നും കായിക മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവിയും എം.എസ്.പി കമാന്‍ഡന്റുമായ എസ്. സുജിത്ത് ദാസ്, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസിറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
എം.എസ്.പി ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.സി. ഉണ്ണികൃഷ്ണന്‍ പരേഡ് നയിച്ചു. ആംഡ് പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എം.എസ്.പി, വനിതാ പൊലീസ്, ലോക്കല്‍ പൊലീസ് – എ.ആര്‍ വിഭാഗം, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ എന്നീ അഞ്ച് പ്ലറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. കോവിഡ് പശ്ചാത്തലത്തില്‍ എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍.സി.സി, ജൂനിയര്‍ ഡിവിഷന്‍ പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തില്ല.
ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവിയും എം.എസ്.പി കമാന്‍ഡന്റുമായ എസ്. സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.പി. ഉബൈദുള്ള എം.എല്‍.എ, മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, കോവിഡ് മുന്നണി പോരാളികളികളെ പ്രനിനിധീകരിച്ച് ആരോഗ്യ പ്രവര്‍ത്തകരായ ഷാന്റി തോമസ്, ടി.ആര്‍. ജിസ്‌വിന്‍, ഹവ്വാഉമ്മ, കൃഷ്ണന്‍ ചെരള, ബാലകൃഷ്ണന്‍, സന്നദ്ധ പ്രവര്‍ത്തകരായ മുഹമ്മദ് ഷഫീഖ്, സോബിന്‍ മൂര്‍ക്കത്ത്, ഉമ്മര്‍ ഫൈസല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ എം. രാജേഷ്, രാജീവന്‍, അബ്ദുള്‍ കരീം എന്നിവര്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.
വിവിധ സേനാ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ജീവനക്കാരും സംബന്ധിച്ചു. കോവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിച്ചായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍. ആന്റിജന്‍ പരിശോധനാ സംവിധാനവും ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘവും പരേഡ് ഗ്രൗണ്ടിനു മുന്നില്‍ സജ്ജമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനാലാപനവും സേനാംഗങ്ങള്‍ക്കുള്ള മെഡല്‍ വിതരണവും മറ്റ് സാംസ്‌കാരിക പരിപാടികളും ഇത്തവണയുണ്ടായില്ല.