പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി; ഹരിത നേതാക്കൾക്കെതിരെ കടുപ്പിച്ച് ലീഗ് നേതൃത്വം

മലപ്പുറം: വനിതാ കമ്മീഷന് പരാതി നൽകിയതിന് ഹരിത നേതാക്കൾക്ക് ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം. അശ്ളീ‌ല ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്‌തു എന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ സംഘടനയുടെ വനിതാ വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ 10 മണിയ്‌ക്കകം പരാതി പിൻവലിച്ചില്ലെങ്കിൽ ഹരിത നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചത്.

പ്രതീകാത്മക ചിത്രം.

ലീഗ് നേതൃത്വത്തിന് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും ആത്മാഭിമാനം സംരക്ഷിക്കാൻ ഇടപെടണമെന്നുമാണ് വനിതാ കമ്മിഷനിൽ ഹരിത നേതാക്കൾ ആവശ്യപ്പെട്ടത്. ജൂൺ 22ന് എം.എസ്.എഫ് സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.കെ.നവാസ് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബ് ഫോണിലൂടെ നിരന്തരം അസഭ്യവാക്കുകൾ പ്രയോഗിക്കാറുണ്ടെന്നു പരാതിയിലുണ്ട്.ഹരിതയുടെ അവകാശങ്ങൾ സംബന്ധിച്ച് ഭാരവാഹി സംസാരിച്ചതിന് വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമെന്നും അത് പറയൂ എന്നുമാണ് പി.കെ.നവാസ് അധിക്ഷേപിച്ചതെന്ന് പരാതിയിൽ പറയുന്നു.