എണ്ണവില കുറയ്ക്കാൻ കഴിയാത്തതിന് കാരണം മൻമോഹൻ സർക്കാരിന്റെ നടപടി ധനമന്ത്രി നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: യു.പി.എ സർക്കാർ കമ്പനികൾക്ക് നൽകിയ എണ്ണ കടപ്പത്രത്തിന്റെ വില വഹിക്കേണ്ടതില്ലെങ്കിൽ ഉയർന്ന എണ്ണ വിലയിൽ നിന്ന് സർക്കാർ എളുപ്പത്തിൽ ആശ്വാസം നൽകുമായിരുന്നുവെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. എണ്ണ കടപ്പത്രം സർക്കാരിന് വലിയ ബാദ്ധ്യതയാണ് വരുത്തിയത്. അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാൻ സാധിക്കാത്തതെന്നും ധനമന്ത്രി പറഞ്ഞു. എണ്ണ കടപ്പത്രത്തിന്റെ ബാദ്ധ്യത ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറയ്ക്കാൻ ആകുമായിരുന്നുവെന്നും നിർമലാ സീതാരാമൻ വിമർശിച്ചു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ നേതൃത്വത്തിലുളള യു.പി.എ സർക്കാർ 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപ്പത്രം ഇറക്കിയാണ് ഇന്ധന വില കുറച്ചത്. യു.പി.എ സർക്കാരിന്റെ തന്ത്രം പിന്തുടരാൻ എനിക്കാവില്ല. ഓയിൽ ബോണ്ടുകൾ ഏറ്റെടുത്തിരുന്നില്ലെങ്കിൽ, പെട്രോളിയം വിലയിൽ നിന്ന് ആശ്വാസം നൽകുമായിരുന്നു എന്നും എന്തുകൊണ്ടാണ് ഇപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാനാകാത്തത് എന്ന് വിശദീകരിച്ചു കൊണ്ട് നിർമലാ സീതാരാമൻ പറഞ്ഞു. ഒപ്പം എക്സൈസ് നികുതി കുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ജനങ്ങൾക്ക് എണ്ണവില വർദ്ധനവിൽ നിന്നും ആശ്വാസം നൽകാൻ കഴിയിയാത്തതിന് കാരണം എണ്ണ കടപ്പത്രമാണെന്ന കേന്ദ്രസർക്കാർ വാദം കോൺ​ഗ്രസ് തളളിക്കളഞ്ഞു. മേയ് മുതൽ ജൂൺ വരെയുള്ള ആറ് ആഴ്ച കാലയളവിൽ മാത്രം ഇന്ധനവില ലിറ്ററിന് ഏഴ് രൂപ വർദ്ധിപ്പിച്ചതായി പ്രൊഫഷണൽ കോൺഗ്രസിന്റെ ഡൽഹി ചാപ്റ്റർ പ്രസിഡന്റ് അമിതാഭ് ദുബെ ചൂണ്ടിക്കാട്ടി.