എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്‍റ് രാജിവെച്ചു

മലപ്പുറം: എം.എസ്.എഫിന്‍റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച മുസ്‍ലിം ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്‍റ് ഏ.പി അബ്ദുസമദ് രാജിവെച്ചു. മുസ്‍ലിം ലീഗിന്‍റേത് സ്ത്രീ വിരുദ്ധ ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് പ്രഖ്യാപിച്ചാണ് രാജി. മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനാണ് രാജി സമര്‍പ്പിച്ചത്.

എം.എസ്.എഫ് പ്രസിഡന്‍റ് പികെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയാണ് ഹരിതക്കെതിരെ പാര്‍ട്ടി ഇന്ന് നടപടിയെടുത്തത്. ഹരിത പ്രവര്‍ത്തകരുടെ പരാതിയില്‍ പി.കെ നവാസ്, കബീര്‍ മുതുപറമ്പ, വി.എ അബ്ദുല്‍ വഹാബ് എന്നീ എം.എസ്.എഫ് നേതാക്കളോട് ലീഗ് നേത്യത്വം വിശദീകരണവും ചോദിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. തുടര്‍ന്ന് നടപടിയടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് ലീഗ് നേതാക്കളുടെ വിശദീകരണം.

അതേസമയം ഹരിതാ സംസ്ഥാന പ്രസിഡന്‍റ് മുഫീദ തസ്നിയും, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പി.കെ നവാസിനും അബ്ദുല്‍ വഹാബിനുമെതിരെ കോഴിക്കോട് വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.