മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു

തിരൂർ: മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് നാശനഷ്ടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കൂട്ടായി അരയൻ കടപ്പുറത്ത് വച്ചാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിക്കുന്നതിനിടെയാണ് തിരമാലയിൽപെട്ട് അപകടമുണ്ടായത്.

വാക്കാട് സ്വദേശി പട്ടത്ത് മൊയ്തീൻ ബാവയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽ പെട്ടത്. എഞ്ചിനും വലയും നശിച്ചു. അമ്പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അപകട സമയം പട്ടത്ത് കാസിം, ചേക്കാമുൻ്റെ പുരക്കൽ യാഹു, ഇബ്രാഹീമിൻ്റെ പുരക്കൽ ഹംസ എന്നിവർ വള്ളത്തിലുണ്ടായിരുന്നു. ഇവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.