ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണം: സ്പീക്കര്‍ എം.ബി രാജേഷ്


മലബാര്‍ കലാപ വാര്‍ഷിക അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വ ചൂഷണത്തിനും എതിരെയുണ്ടായ ജനകീയ മുന്നേറ്റത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ആസൂത്രിത നീക്കത്തെ പൊതുസമൂഹം തിരിച്ചറിയണമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

പുതുതല മുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്രവായനകള്‍ അനിവാര്യമാണ്. നിറം പിടിപ്പിച്ച കഥകളിലൂടെ കള്ളം പ്രചരിപ്പിക്കാനും ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വക്രീകരിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ സജീവമായ കാലമാണിത്. അതിനാല്‍ ചരിത്ര വസ്തുതകള്‍ മനസ്സിലാക്കി പൊതുസമൂഹം മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപിടിക്കണം. മാപ്പിള ലഹളയല്ല കാര്‍ഷിക സമരമാണ് ഉണ്ടായതെന്നതിന് ചരിത്രവസ്തുതകള്‍ തെളിവാണ്. കൊളോണിയല്‍ ചരിത്രകാരന്മാരാണ് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഇതു പിന്‍പറ്റി ഹിന്ദുത്വ സംഘടനകള്‍ മലബാര്‍ കലാപത്തെ ഹിന്ദുവിരുദ്ധ കലാപമായി ചിത്രീകരിക്കാനും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള വിധത്തില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നത് അപകടകരമാണ്. ഈയൊരു സാഹചര്യത്തില്‍ ചരിത്രവസ്തുതകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള ലൈബ്രറി കൗണ്‍സിലിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണെന്നും സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ഡോ. കെ.ടി ജലീല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പി.എസ്.എം.ഒ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവി ഡോ. പിപി അബ്ദുള്‍ റസാഖ്, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി, ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതിയംഗങ്ങളായ എന്‍ പ്രമോദ് ദാസ്, അജിത് കൊളാടി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ശിവദാസന്‍, തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍ സിപി ഹബീബ, പിഎസ്എംഒ കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എംകെ അബ്ദുള്‍റഹ്‌മാന്‍, പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ അസീസ്, ജില്ലപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വികെ മധു സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ. കെ കെ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.