ഗതകാല സ്മരണകളുണർത്തി ബാപ്പുജി കലാവേദിയുടെ ഓണാഘോഷം: ഓണപ്പുടവ നൽകി വയോധികർക്ക് സ്നേഹാദരം
വട്ടംകുളം: മൂന്നു പതിറ്റാണ്ടു കാലത്തെ നിറമാർന്ന സ്മരണകൾ തുടിച്ചു നിന്ന ബാപ്പുജി കലാവേദിയുടെ ഓണാഘോഷം – “ഉത്രാടക്കാഴ്ച” വൈവിധ്യം കൊണ്ട് നാടിൻ്റെ ഉത്സവമായി മാറി.
വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയാണ് വേറിട്ട പരിപാടികൾ കൊണ്ട് ഉത്രാടദിനം സമ്പന്നമാക്കിയത്.
എരുവപ്രക്കുന്ന് പ്രദേശത്തെ വയോധികരായ 150 പേർക്കും ഓണപ്പുടവ സമ്മാനിച്ചു.
കലാവേദിയുടെ രക്ഷാധികാരിയും പരമ്പരാഗത കർഷകനുമായ കെ. കുഞ്ഞനെ പൊന്നാട ചാർത്തിയും, പൂക്കള മത്സര വിജയികൾക്ക് അവാർഡും സമ്മാനവും നൽകിയും, പരീക്ഷാ വിജയികൾക്ക് ഉപഹാരം നൽകിയും ഓണാഘോഷത്തിന് തിളക്കമേറ്റി.

എടപ്പാൾ ഹോസ്പിറ്റൽസ് ഗ്രൂപ്പ് മാനേജർ ആത്മജൻ പള്ളിപ്പാട് ഉദ്ഘാടനം ചെയ്തു.
മാനവിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് ഓണം പോലുള്ള ആഘോഷങ്ങൾ ഏറെ പര്യാപ്തമായിട്ടുണ്ടെന്ന് ആത്മജൻ പള്ളിപ്പാട് പറഞ്ഞു.
കലാവേദി പ്രസിഡണ്ട് ഫിറോസ് ഖാൻ അണ്ണക്കമ്പാട് ആധ്യക്ഷത വഹിച്ചു. വയോധികർക്ക് ഇ ബാലൻ നായരുടെ സ്മരണാർത്ഥം പുടവ വിതരണം കെ. ഭാസ്കരൻ വട്ടംകുളം ഉദ്ഘാടനം ചെയ്തു. പാരമ്പര്യ കർഷകൻ കെ. കുഞ്ഞനെ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് പൊന്നാട ചാർത്തിയും, പുടവയും ഉപഹാരവും നൽകിയും ആദരിച്ചു.

പൂക്കള മത്സര വിജയികൾക്ക് വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ. നജീബ് കാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷാ വിജയികളെ ആത്മജൻ പള്ളിപ്പാട് ഉപഹാരം നൽകി അനുമോദിച്ചു.
കലാവേദി സെക്രട്ടറി പി.എൻ. സുബ്രഹ്മണ്യൻ, ട്രഷറർ ശ്രീജിത് എരുവപ്ര, ഭാരവാഹികളായ ഇ.എം. ഷൗക്കത്തലി, എ.വി. ഷറഫുദ്ദീൻ, ബഷീർ അണ്ണക്കമ്പാട്, ഇ. അഷറഫ്, ഷാഫി കൊട്ടിലിൽ,
ഇ. എം. വിജയൻ , എ.വി. കബീർ, ടി.വി.നൗഷാദ്, ഇ.ഷറഫുദ്ദീൻ, എ.വി. ഇസ്മയിൽ, എം.ആർ. സുബ്രഹ്മണ്യൻ, തറയിൽ അഷറഫ് , കൊട്ടിലിൽ സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.
കെ. കുഞ്ഞൻ മറുപടി പ്രസംഗം നടത്തി.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.