വാക്സിനേഷന് അവധി നൽകാതെ മലപ്പുറം
മുഹറം ,ഉത്രാടം,തിരുവോണ ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ നൽകിയത് 85746 പേർക്ക്.
മലപ്പുറം: കോവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിനു വേണ്ടി നടത്തിയ പ്രത്യേക മെഗാ വാക്സിനേഷൻ പരിപാടിയ്ക്ക് ജില്ലയിൽ മികച്ച പ്രതികരണം.ഓണവും മുഹറവും ഉൾപ്പടെ പൊതു അവധി ദിവസങ്ങളിൽ പോലും നിരവധി വാക്സിനേഷൻ കേന്ദ്രങ്ങൾ ജില്ലയിൽ പ്രവർത്തിച്ചു.
കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെയും ഐ എം എ യുടെയും സഹകരണത്തോടെ ജില്ലയിലെ സ്വകാര്യ ആസ്പത്രികളുമായി ചേർന്നു നടത്തിയ വാക്സിനേഷൻ സെന്ററുകളിൽ അവധി ദിവസങ്ങൾ ആയിട്ടു പോലും നിരവധി പേർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞതായി ഡിഎംഒ ഡോ കെ സക്കീന അറിയിച്ചു.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ സ്വകാര്യ ആസ്പത്രികളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഏറ്റെടുത്ത് നടത്താൻ സന്നദ്ധതകാണിച്ച സ്വകാര്യ ആസ്പത്രി മേഖല ,ജില്ലയിൽ വാക്സിനേഷൻ പരിപാടിക്ക് മികച്ച പിന്തുണ നൽകുന്നുണ്ടെന്നു ഡിഎംഒ പറഞ്ഞു.
അവധി ദിനങ്ങൾ ആയിട്ടുപോലും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും, ജനപ്രതിനിധികളുടെയും ഇതര വകുപ്പ് ജീവനക്കാരുടെയും,സന്നദ്ധ പ്രവർത്തകരുടെയും അകമഴിഞ്ഞ സഹായം കിട്ടിയതുമൂലം ആണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും ഡിഎംഒ കൂട്ടിച്ചേർത്തു.
മുഹറം ദിനത്തിൽ 39818 പേർക്കും, ഉത്രാടം ദിനത്തിൽ 28095 പേർക്കും തിരുവോണ ദിനത്തിൽ 17833 പേർക്കും ജില്ലയിൽ വാക്സിൻ നൽകി. തിരുവോണ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയത് മലപ്പുറം ജില്ലയിൽ ആണ്.
ഇതോടുകൂടി ശനിയാഴ്‌ച വൈകിട്ട് വരെ ജില്ലയിൽ കോവിഡ് വാക്സിനേഷൻ ലഭിച്ചവരുടെ എണ്ണം 2124550 ആയി. വരും ദിവസങ്ങളിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതോടെ കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിഎംഒ അറിയിച്ചു.