ഗുരുദേവ ദര്‍ശനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം
മലപ്പുറം : ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ സന്ദേശങ്ങളുടെ പ്രചാരണ ചുമതലയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിഞ്ഞു മാറരുതെന്നും ഗുരുദേവ സന്ദേശം പ്രചരിപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി അഡ്വ.എം. രാജന്‍ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ 167-ാമത് ജയന്തി ആഘോഷ പരിപാടി മലപ്പുറം എസ് എന്‍ ഡി പി യൂണിയന്‍ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും പ്രത്യേക മതങ്ങളുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനു മാത്രമേ ഭരണാഘടനാപരമാി വിലക്കുള്ളു. മതസൗഹാര്‍ദ്ദവും സാമൂഹിക മൈത്രിയും വിദ്യാഭ്യാസ ശുചിത്വ സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന കര്‍മ്മ പരിപാടികളാണ് ഗുരുദേവ സന്ദേശങ്ങള്‍. അതുകൊണ്ടുതന്നെ അത്തരം സന്ദേശങ്ങളുടെ പ്രചാരണത്തിനു വേണ്ടി സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ഗുരുദേവ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രദീപ് ചുങ്കപ്പള്ളി, യൂണിയന്‍ കമ്മിറ്റി അംഗം ദാമോദരന്‍ ചാലില്‍, വനിതാ സംഘം പ്രസിഡന്റ് ചന്ദ്രിക അധികാരത്ത്, സെക്രട്ടറി സരള പട്ടത്ത്, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന കമ്മിറ്റി അംഗം വി. രഞ്ജിത്ത് , ശ്രീനാരായണ വൈദീക സമിതി ചെയര്‍മാന്‍ ഹരിദാസന്‍ കോഡൂര്‍, യൂത്ത് മുവ്‌മെന്റ് ചെയര്‍മാന്‍ പുരുഷോത്തമന്‍ എ കെ, കണ്‍വീനര്‍ ദിലീപ് മുന്നരശ്ശന്‍, യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ എം സംസാരിച്ചു. ചതയ ദിനത്തോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മൊമ്മന്റോകളും മുഖ്യാതിഥി അഡ്വ. എം. രാജന്‍ വിതരണം ചെയ്തു.