കോവിഡ് ഓണത്തിരക്ക്; ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാമെന്ന് ആരോഗ്യവിദഗ്ദ്ധർ
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ ഓണത്തിന് ജനം തിക്കിത്തിരക്കിയതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. രോഗവ്യാപനം രൂക്ഷമാവുകയാണ്. തിരുവോണദിവസം ടി.പി.ആർ 17ശതമാനം കടന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. ഓണത്തിന്റെ ഭാഗമായുള്ള വ്യാപനം ഈ മാസം 17 മുതൽ ഉണ്ടായെന്നാണ് കണക്കുകൂട്ടൽ. അതിനാൽ 27ഓടെ രോഗികളുടെ എണ്ണം കുത്തനെ ഉയരും. രോഗവ്യാപനം രൂക്ഷമായാൽ ഒക്ടോബറോടെ നാലു ലക്ഷത്തിനടുത്ത് രോഗികളുണ്ടാകുന്ന സാഹചര്യം ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു. ഓണവിപണിയിലെ തിരക്കും വീടുകളിലെ ഒത്തുചേരലും അതിവ്യാപനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചില ജില്ലകളിലെ ആരാധനാലയങ്ങളിൽ ആളുകൾ കൂട്ടത്തോടെ എത്തിയെന്ന് പൊലീസിന്റെ റിപ്പോർട്ടുണ്ട്.
കൊവിഡ് ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ഇത് തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ വീണ്ടും മുൾമുനയിലാകും. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും കൂടുകയാണ്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു, വെന്റിലേറ്റർ, ഓക്‌സിജൻ ലഭ്യതയുള്ള കിടക്കകൾ എന്നിവ പകുതിയിലധികവും നിറഞ്ഞു കഴിഞ്ഞു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1.68 ലക്ഷമാണ്.
ഐ.സി.യു കിടക്കകൾ
ആകെ- 7777
രോഗികൾ – 4657
ബാക്കിയുള്ളത്- 3120
വെന്റിലേറ്റർ
ആകെ- 2645
രോഗികൾ- 1683
ബാക്കിയുള്ളത്- 962
ഓക്‌സിജൻ ലഭ്യതയുള്ള
കിടക്കകൾ
ആകെ- 24321
രോഗികൾ- 13444
ബാക്കിയുള്ളത്- 10877
5.76% നിന്ന് 16.41ലേക്ക്
കഴിഞ്ഞ വർഷം ആഗസ്റ്റ് 22ന് 5.76 ശതമാനമായിരുന്നു സംസ്ഥാനത്തെ ടി.പി.ആർ. ഇന്നലെ 16.41. കഴിഞ്ഞവർഷം 22ന് 2172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 19,538 പേരായിരുന്നു ചികിത്സയിൽ. ഇന്നലെ 10,402 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 1,63,212 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ 10,402 രോഗികൾ, ടി.പി.ആർ 16.41%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 10,402 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി.പി.ആർ 16.41 ശതമാനം. 24 മണിക്കൂറിനിടെ 63,406 സാമ്പിളുകൾ പരിശോധിച്ചു. 66 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 19,494 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 9674 പേർ സമ്പർക്കരോഗികളാണ്. 572 പേരുടെ ഉറവിടം വ്യക്തമല്ല. 104 പേരാണ് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവർ. 52 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 25,586 പേർ രോഗമുക്തി നേടി.
മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂർ 1007, കണ്ണൂർ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസർകോട് 243.