ഹരിത പരാതി പിൻവലിക്കും; ലീഗിലെ പ്രശ്നം പരിഹരിക്കാൻ നടപടിയായി.
മലപ്പുറം: ഹരിത നേതാക്കളെ പി.കെ. നവാസ് ഉൾപ്പടെയുള്ള എം.എസ്.എഫ് നേതാക്കൾ അധിക്ഷേപിച്ചതിൽ നടപടിയില്ല. വിഷയത്തിൽ പി.കെ.നവാസ് ഖേദപ്രകടനം മാത്രം നടത്തും. ഫേസ്ബുക്കിലൂടെയായിരിക്കും നവാസിന്റെ പരസ്യ ഖേദപ്രകടനം. ഹരിതനേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതിയും പിൻവലിക്കും. ഹരിതയെ മരവിപ്പിച്ച നടപടിയും ഇല്ലാതാക്കും. ഹരിതയേയും എം.എസ്.എഫിനേയും ഒരുമിച്ച് കൊണ്ടു പോകാൻ പ്രത്യേക സെൽ രൂപീകരിക്കുമെന്നും ലീഗ് വ്യക്തമാക്കി.
നേരത്തെ വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് എം.എസ്.എഫ് നേതാക്കളെ സസ്പെൻഡ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ രണ്ട് ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നായിരുന്നു വാർത്ത. കബിർ മുതുപറമ്പ്, വി.എ.അബ്ദുൽ വഹാബ് എന്നീ നേതാക്കൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. ഹരിത നേതാക്കൾക്ക് വിഷമമുണ്ടാവുന്ന തീരുമാനമുണ്ടാവില്ലെന്ന് എം.കെ.മുനീറും പ്രതികരിച്ചിരുന്നു.
‘ഹരിത’ നേതാക്കളെ എം.എസ്.എഫ് ഭാരവാഹികൾ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്ലിം ലീഗ് ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മലപ്പുറം ലീഗ് ഹൗസിൽ നടന്ന ചർച്ച ബുധനാഴ്ച രാത്രി 12 മണിക്കാണ് അവസാനിച്ചത്.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് സംസാരിച്ചത്.
‘ഹരിത’ സംസ്ഥാന ഭാരവാഹികൾക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘ഹരിത’ ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തായത്.
കഴിഞ്ഞ ആഴ്ച ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. പി.കെ. നവാസ്, എം.എസ്.എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, വി.എ. വഹാബ് എന്നിവരോട് വിശദീകരണവും തേടി.
ജൂൺ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും’ എന്നാണെന്ന് വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണ് എന്നാണ് പരാതി.
എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവർ ആരോപിച്ചു. ജില്ല കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡൻറ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.