ഡ്രോണ്‍ ഉപയോഗത്തിന് തിരിച്ചറിയല്‍ നമ്പറും രജിസ്‌ട്രേഷനും നിര്‍ബന്ധം

ന്യൂഡൽഹി:ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവ ഉപയോഗിക്കുന്നതിന് കേന്ദ്രം കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ കരട് നയത്തിന്റെ അടിസ്ഥാനത്തിലാണ്‌ വ്യവസ്ഥകള്‍ ഏർപ്പെടുത്തിയത്.

പുതിയ ചട്ടപ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക തിരിച്ചറിയൽ നമ്പറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നിർബന്ധമാണ്. ഇനിമുതല്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടത്തില്‍ പ്രത്യേകം എടുത്തു പറയുന്നത്. ഡ്രോണുകള്‍ വാടകയ്ക്ക് നല്‍കുമ്പോഴും ഈ വ്യവസ്ഥകള്‍ കര്‍ശനമായിരിക്കുമെന്നും മേഖലകള്‍ തിരിച്ചുള്ള ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.

അടുത്തിടെയാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകരാക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചത്. ജമ്മു വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ ഭീകരർക്ക് ലക്ഷ്യം തെറ്റിയതിനാൽ ആൾ നാശമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കാനായില്ല. തുടർന്ന് ജമ്മുകാശ്മീരിലെ പലസ്ഥലങ്ങളിലും പല തവണ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലതത് സൈന്യത്തിന്റെ തോക്കിനിരയായി. അതിർത്തിക്കപ്പുറത്ത് പാകിസ്ഥാനിൽ നിന്നാണ് ഡ്രോണുകൾ എത്തുന്നതെന്ന് പലതവണ വ്യക്തമായത്. ആയുധങ്ങളും മയക്കുമരുന്നുകളും കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. ഇതാേടെ ജമ്മുവിലും പരിസരങ്ങളിലും ഡ്രോണുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സൈന്യം നേരത്തേ കർശന നിബന്ധനങ്ങൾ ഏർപ്പെടുത്തിയിരുന്നു.