സോഫ്റ്റ് ടെന്നീസ്: കേരള സ്പോർട്സ് കൗൺസിൽ അംഗീകാരം കാത്ത് കായിക താരങ്ങൾ
തിരൂർ: കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെയും, സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും, ആൾ ഇന്ത്യ യൂണിവേഴ്സിറ്റിയുടെയും അംഗീകാരമുള്ള സോഫ്റ്റ് ടെന്നീസിന് കേരള സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിക്കുന്നതും കാത്ത് കായിക താരങ്ങൾ. ദേശീയ ഫെഡറേഷന്റെ അംഗീകാരത്തോടെ 2008 മുതൽ പ്രവർത്തി ച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന അസോസിയേഷന് കീഴിൽ സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ നടത്തുകയും ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരള ടീമുകളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. ഏഷ്യൻ ഗെയിംസ് മത്സര ഇനമായ സോഫ്റ്റ് ടെന്നീസിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും കേരള സ്പോർട്സ് കൗൺസിൽ അംഗീകാരം ഇല്ലാത്തത് കൊണ്ട് ദേശീയ സ്കൂൾസ് മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല.
കായിക താരങ്ങൾക്ക് ദേശീയ – സംസ്ഥാന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ഉപകാരപ്പെടുകയും ചെയ്യുന്നില്ല. കേരളത്തിലെ എല്ലാ ജില്ലകളിലെയും നിരവധി വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന സോഫ്റ്റ് ടെന്നീസിന് കേരള സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ
സംസ്ഥാന ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
മുജീബ് താനാളൂർ അധ്യക്ഷത വഹിച്ചു. കെ. പി. യു. അലി, ടി. എം അബ്ദുറഹിമാൻ,
കെ. എം ബല്ലാൽ, ഷുക്കൂർ ഇല്ലത്ത്, വി. പി പവിത്രൻ, എസ്. ശിവ ഷണ്മുഖൻ,
ഷാജി ജോസ്, എം. പി മുഹമ്മദ് ഇസ്ഹാഖ്, ഇ. ഗീതാദേവി, ബോബി സി ജോസഫ് എന്നിവർ സംസാരിച്ചു. സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും സി. ടി ഇൽയാസ് നന്ദിയും പറഞ്ഞു.