കരിപ്പൂർ സ്വർണ്ണ കവർച്ച; 3 പേർ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 38 പേർ
മലപ്പുറം: കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. കർണാടകയിൽ നിന്നാണ് പ്രതികൾ പൊലീസ് പിടിയിലായത്. ഇതോടെ ജൂൺ 21 നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അറസ്റ്റിലായവരുടെ എണ്ണം 38 ആയി.
കൊടുവള്ളി സംഘത്തിൽപ്പെട്ട മുഖ്യപ്രതി കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ്, വാവാട് തെക്കേക്കണ്ണി പോയിൽ ജസീർ, കൊടുവള്ളി അബ്ദുൽ സലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു. ജൂൺ 21 നു രാമനാട്ടുകരയ്ക്കു സമീപം വാഹനാപകടത്തിൽ 5 യുവാക്കൾ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണു കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിലേക്ക് എത്തിയത്. സംഭവ ദിവസം കരിപ്പൂരിൽ എത്തിയ സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണ പുരോഗമിക്കുകയാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതകശ്രമം, വഞ്ചന കേസുകൾ നിലവിലുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടിയം പോലീസ് സ്റ്റേഷനിൽ സാമ്പത്തിക ഇടപാടിൽ വസ്തു എഴുതി വാങ്ങി ലോണെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ച കേസും കൊടുവള്ളി സ്റ്റേഷനിൽ സ്വർണക്കടത്തും ഹവാല ഇടപാടുകളുമായി ഒന്നിലധികം വധശ്രമ കേസുകളും നിലവിലുണ്ട്.
കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുവന്ന് മർദ്ദിച്ചതിന് ശേഷമാണ് ഗുണ്ടാ നേതാവായി ഇയാൾ അറിയപ്പെടാൻ തുടങ്ങിയത്. ഇയാളുടെ ഹവാല ഇടപാടുകളും മറ്റ് ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്. വയനാട്ടിൽ വച്ച് ഇയാളുടെ സംഘത്തിൽനിന്ന് മൂന്നുകോടി രൂപയും തോക്കും പിടികൂടിയതിന് ബത്തേരി സ്റ്റേഷനിൽ കേസുണ്ട്. ജൂൺ 21 ന് ഇയാൾ ഉൾപ്പെട്ട സംഘം കരിപ്പൂരിൽ എത്തിയത് വ്യാജ നമ്പർ ഘടിപ്പിച്ച വാഹനത്തിലായിരുന്നു.
തോക്ക് അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് സംഘമെത്തിയത് എന്ന് സൂചനയുണ്ട്. അർജ്ജുൻ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇവരുടെ സംഘമായിരുന്നു. ആയുധങ്ങളും വാഹനവും കണ്ടെത്തുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഒരേസമയം സ്വർണ്ണക്കടത്തുകാരനായും സ്വർണ്ണകവർച്ചക്കാരൻ ആയും ഹവാല പണം ഇടപാടുകാരനായും പോലീസിന് തലവേദനയായിരുന്ന ആപ്പുവിനെ പിടികൂടിയത് അന്വേഷണ സംഘത്തിന് വലിയ നേട്ടമാണ്.
മുഹമ്മദ്, ജസീർ എന്നിവർ സംഭവ ദിവസം കരിപ്പൂരിൽ എത്തിയിരുന്നുവെന്നും ഇവർക്ക് ഒളിവിൽ കഴിയാനുള്ള സഹായം നൽകിയതിനാണ് അബ്ദുൽ സലിമിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഇവർ ഗോവയിലേക്കു കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം അവിടെ എത്തുകയും ഗോവൻ പോലീസിന്റെ സഹായത്തോടെ പിന്തുടർന്നു.
എന്നാൽ, കർണാടകയിലേക്ക് കടന്നതായും പിന്നീട് കർണാടക പോലീസിന്റെ സഹായത്തോടെ ബൽഗാമിൽ നിന്നാണു പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പിടിയിലായവരെ കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.