പൊതുവിദ്യാലയങ്ങളേയും സി ബി എസ് ഇ വിദ്യാലയങ്ങളേയും ചേർത്ത് കായികമേളകൾ നടത്തും, മന്ത്രി വി അബ്ദുറഹ്മാൻ
തിരൂർ: സ്കൂൾ കായികമേളകളിൽ പൊതുവിദ്യാലയങ്ങളോടൊപ്പം സിബിഎസ്ഇ വിദ്യാലയങ്ങളേയും വൈകാതെ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ.
തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ ഓൺലൈനായി സംഘടിപ്പിച്ച ദേശീയ കായിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാനം മുന്നോട്ടുവെയ്ക്കുന്ന പുതിയ കായിക നയം വരും വർഷങ്ങളിൽ കായിക രംഗത്ത് നേട്ടങ്ങൾ ആവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ജയ്മോൻ മലേക്കുടി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു.
എംഇഎസ് മലപ്പുറം ജില്ലാ സെക്രട്ടറി കെ മുഹമ്മദ് ഷാഫി,സ്കൂൾ സെക്രട്ടറി അബ്ദുൽ ഖാദർ ഷരീഫ്, മാനേജ്മെന്റ് പ്രതിനിധികളായ പി എ .അബ്ദുൽ റഷീദ്, പി പി. അബ്ദുൽ റഹ്മാൻ, സാഗർ അബ്ദുള്ള, അബ്ദുൽ ഖാദർ കൈനിക്കര തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. എംഇഎസ് ഭാരവാഹികൾ , സ്കൂൾ വൈസ് പ്രിൻസിപ്പാൾ, പ്രധാനാദ്ധ്യാപകർ, അധ്യാപക- അനദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ലോക പ്രശസ്തരായ കായികതാരങ്ങളെ കുട്ടികൾ പുനരാവിഷ്കരിച്ചത് പ്രത്യേക ശ്രദ്ധയാകർഷിച്ചു. സി സി എ ചീഫ് കോർഡിനേറ്റർ കരുണാകരൻ പേരാമ്പ്ര നന്ദി പറഞ്ഞു.