ലയണൽ മെസ്സി പി.എസ്.ജിക്കായി അരങ്ങേറ്റം കുറിച്ചു
ഫ്രഞ്ച് ലീഗിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് അരങ്ങേറ്റം. മത്സരത്തില്‍ എംബാപ്പയുടെ ഇരട്ട ഗോളിൽ പി.എസ്.ജി, റെംസിനെ തോൽപ്പിച്ചു. ലീഗിൽ പി.എസ്.ജിയുടെ തുടർച്ചയായ നാലാം ജയമാണിത്.

ഫ്രഞ്ച് ഫുട്ബോളിന് കഴിഞ്ഞ ദിവസം മറക്കാനാകില്ല. ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സി, പി.എസ്.ജിക്കായി അരങ്ങേറ്റം കുറിച്ച ദിവസം. 64ാം മിനുറ്റിൽ നെയ്മറിന് പകരക്കരാനായാണ് താരം ഇറങ്ങിയത്. സ്റ്റേഡിയത്തിലെ ആരാധകരിൽ നിന്ന് വലിയ ആരവമാണ് ലഭിച്ചത്. കളത്തിൽ മികച്ച ടച്ചുകളുമായി മെസ്സി തന്റെ അരങ്ങേറ്റം സുന്ദരമാക്കി.

മെസ്സിയെ ബെഞ്ചിലിരുത്തി നെയ്മർ, എംബാപ്പ, ഡി മരിയ സഖ്യത്തെയാണ് ആദ്യ ഇലവനിൽ കോച്ച് പൊചെറ്റിനോ ഇറക്കിയത്. 16ാം മിനുറ്റില്‍ ഡിമരിയയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു എംബാപ്പയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 64ആം മിനുട്ടിലാണ് എംബാപ്പ തന്റെ രണ്ടാം ഗോൾ നേടിയത്. ഇത്തവണ വലതു വിങ്ങിൽ നിന്ന് റൈറ്റ് ബാക്ക് അഷ്റഫ് ഹകിമി നൽകിയ ലോ ക്രോസിൽ നിന്നായിരുന്നു എംബാപ്പയുടെ ഫിനിഷ്.

ഈ രണ്ട് ഗോളുകളും പിറന്ന ശേഷമായിരുന്നു മെസിയുടെ വരവ്. പി.എസ് ജിയുടെ തുടർച്ചയായ നാലാം വിജയമാണിത്. 12 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് പിഎസ്ജി.