തുർക്കി സർക്കാരിന്റെ 65 ലക്ഷത്തിന്റെ സ്കോളർഷിപ്പ് മലപ്പുറം സ്വദേശിനിയ്ക്ക്

പെരിന്തൽമണ്ണ: തുർക്കി സർക്കാരിന്റെ 65 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് മലപ്പുറം വടക്കാങ്ങരയിലെ ഹവ്വാ യാസിറിന്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് ഡെവലപ്പ്മെന്റ് ബാങ്കും തുർക്കി സർക്കാരും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര സ്‌കോളർഷിപ്പാണിത്. 178 രാജ്യങ്ങളിൽ നിന്ന് മികവു തെളിയിച്ച കുട്ടികളെയാണ് സ്‌കോളർഷിപ്പിന് ക്ഷണിക്കുക. ഇന്ത്യയിൽ നിന്നും ഹവ്വയ്ക്ക് മാത്രമാണ് ഡിഗ്രി തലത്തിൽ യോഗ്യത നേടാനായത്. കശ്മീരിൽ നിന്ന് മറ്റൊരു വിദ്യാർത്ഥിക്ക് പിജി പഠനത്തിനും യോഗ്യത ലഭിച്ചിട്ടുണ്ട്. തുർക്കിയിലെ കോച്ച് യൂണിവേഴ്സിറ്റിയുടെ സ്‌കോളർഷിപ്പിന് നേരത്തെ തന്നെ ഹവ്വ യോഗ്യത നേടിയിരുന്നു. ഇതിൽ സ്‌കോളർഷിപ്പ് തുക മാത്രമാണ് ലഭ്യമാകുക. എന്നാൽ തുർക്കി ഗവൺമെന്റിന്റെ സ്‌കോളർഷിപ്പ് കരസ്ഥമാക്കിയതോടെ സ്‌കാളർഷിപ്പിന് പുറമേ യാത്രാ ചിലവുൾപ്പെടെ 65 ലക്ഷം രൂപ ചിലവു വരുന്ന മുഴുവൻ പഠന ചിലവും മാസത്തിൽ 16,​000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും.

മലപ്പുറം എംഎസ്പി സ്‌കൂൾ, വെള്ളില പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിലുമായിരുന്നു ഹവ്വയുടെ പഠനം. മഞ്ചേരിയിൽ എൻട്രൻസ് കോച്ചിംഗ് പഠനത്തിനിടെ തുർക്കിയിലെ ഇസ്തംപൂൾ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ പഠനം നടത്തുന്ന സഹോദരൻ ഹനാൻ യാസിറിന്റെ വഴിയാണ് ഈ സ്‌കോളർഷിപ്പുകൾക്ക് ഹവ്വ അപേക്ഷിച്ചത്. പരീക്ഷയിൽ ഉയർന്ന പ്രകടനം നടത്തിയതാണ് ഹവ്വയ്ക്ക് തുണയായത്. സഹോദരിയും ഗായികയുമായ ഹന്ന യാസിറിനെ പോലെ കലാവൈഭവം തെളിയിച്ച ഹവ്വ എം.എസ്.പിയിലെ പ്രൈമറി പഠന കാലത്ത് ജില്ലാ ശിശുക്ഷേമ വകുപ്പ് നടത്തിയ ശിശുദിന റാലിയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. ഐ.എഫ്.എസാണ് ഹവ്വയുടെ സ്വപ്നം. വടക്കാങ്ങര കരുവാട്ടിൽ യാസിറിന്റെയും ആൽപറമ്പിൽ ഷാക്കിറയുടെയും മകളാണ്. സഹോദരൻ ഹംദാൻ വടക്കാങ്ങര ടാലന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിയാണ്.