രാത്രി കർഫ്യൂ ഇന്ന് മുതൽ
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്നതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌് വരെയാണ് കർഫ്യൂ.

അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ അനുവദിക്കില്ല. കർഫ്യൂ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും.

കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ബസുകളെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ലഭിക്കും.

ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ലോക്‌ഡൗണുണ്ടാകും. നേരത്തേ ഇത് എട്ടായിരുന്നു.
ഇളവുകൾ
- അവശ്യസർവീസുകൾ, രോഗികളുമായി ആശുപത്രിയിൽ പോകാൻ, രോഗികളുടെ കൂട്ടിരിപ്പുകാരുടെ യാത്രയ്ക്ക്.
- അവശ്യസേവന വിഭാഗത്തിലുള്ളവർക്ക്.
- ചരക്ക് വാഹനങ്ങൾക്ക്.
- അടുത്തബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകൾക്ക്.
- രാത്രി 10-നുമുമ്പ് ദിർഘദൂര യാത്ര ആരംഭിച്ചവർക്ക്.
- വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം.
- മറ്റെല്ലാ യാത്രകൾക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിൽനിന്നുള്ള അനുമതി ആവശ്യം.