ജനകീയ മത്സ്യകൃഷിവിളവെടുപ്പിന് ജില്ലയില്‍ തുടക്കമായി



ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നടപ്പാക്കുന്നത് മികച്ച പദ്ധതികളെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാ തല വിളവെടുപ്പ് ഉദ്ഘാടനം നിറമരുതൂരില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിച്ച് വിപ്ലവകരമായ മുന്നേറ്റം കൈവരിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അതിനാല്‍ കോവിഡ് പശ്ചാത്തലത്തിലും തൊഴില്‍ നഷ്ടം വരാതെ വരുമാനം നേടാന്‍ മത്സ്യ കൃഷിയിലൂടെ കര്‍ഷകര്‍ക്ക് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഉള്‍നാടന്‍ മത്സ്യോല്പാദനം വര്‍ധിപ്പിക്കുക, ഇതിലൂടെ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 2017-18 കാലയളവിലാണ് ജനകീയ മത്സ്യ കൃഷി ആരംഭിച്ചത്. മുന്തിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെ സബ്‌സിഡി നിരക്കില്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെ പോഷകമൂല്യമടങ്ങിയ മത്സ്യം ജനങ്ങളിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. രണ്ടാം പിണറായി സര്‍ക്കാറിന്റെ 100 ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം സിഎംഎ അബ്ദുസമദിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലായിരുന്നു. നൈല്‍ തിലാപ്പിയ മത്സ്യമാണ് വിളവെടുത്തത്.

നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വികെഎം ഷാഫി, നിറമരുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോള്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ടി ശശി, വിഇഎം ഇക്ബാല്‍, പി പി സൈതലവി എന്നിവര്‍ സംസാരിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം ചിത്ര സ്വാഗതവും താനൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഗ്രേസി നന്ദിയും പറഞ്ഞു.

To