പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടത് വഴി തെന്നല സ്വദേശി ശ്രീനാഥിന് (18) ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണ മെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

പീഡന കേസിൽ കുറ്റാരോപിതനായ ശ്രീനാഥ് 35 ദിവസമാണ് തിരൂർ സബ് ജയിലിൽ തടവിൽ കിടന്നത്. പിന്നീട് ഡി എൻ എ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ശ്രീനാഥിനെ തെറ്റുകാരനല്ലെന്ന് കണ്ടെത്തി വിട്ടയയ്ക്കുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. കൽപ്പകഞ്ചേരി പൊലീസാണ് പ്രാഥമിക അന്വേഷണവും തിരൂരങ്ങാടി പൊലീസാണ് തുടരന്വേഷണം നടത്തിയത്. കൽപ്പകഞ്ചേരി പൊലീസാണ് ശ്രീനാഥിനെതിരെ കേസെടുത്തത്. തുടർന്ന് ശ്രീനാഥിന്റെ ആവശ്യപ്രകാരം ഡി എൻ എ ടെസ്റ്റ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ടെസ്റ്റിന്റെ ഫലം വന്നപ്പോൾ നെഗറ്റീവായി .തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം ജയിൽ മോചിതനാക്കുകയായിരുന്നു.
