സുപ്രീം കോടതിയിൽ ഒമ്പത് പുതിയ ജഡ്ജിമാർ ചുമതലയേറ്റു; മൂന്നു വനിതാ ജഡ്ജിമാരും
ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ. വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായിരുന്നു സി. ടി. രവികുമാർ ഉൾപെടെ ഒമ്പത് ജഡ്ജിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാരും സത്യ വാചകം ചൊല്ലി.
കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് ചുമതലയറ്റ വനിതാ ജഡ്ജിമാർ. ഇതിൽ ബി.വി. നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസായേക്കും. ഇതോടെ സുപ്രീം കോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം നാല് ആയി.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം. എം. സുന്ദരേഷ് എന്നിവരും, അഭിഭാഷകരിൽ നിന്ന് മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി. എസ്. നരസിംഹ എന്നിവരും ചുമതലയേറ്റു. സാധാരണ ജഡ്ജിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ്. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലാണ് ഓഡിറ്റോറിയത്തിൽ ചടങ്ങ് നടത്തിയത്. പുതിയ 9 ജഡ്ജിമാർ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 34 ആയി.