ചെന്നിത്തല ദേശീയ നേതൃത്വത്തിൽ വരുന്നതിൽ എതിർപ്പ് അറിയിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡിസിസി അദ്ധ്യക്ഷ പട്ടികയെ തുടർന്നുളള കോൺഗ്രസിലെ പൊട്ടിത്തെറിയിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്‌തിയുണ്ടെന്ന് മുൻപ് സൂചനകളുണ്ടായിരുന്നു. എന്നാലിപ്പോൾ ആ സംഭവ വികാസങ്ങളിൽ രാഹുൽ ഗാന്ധിയ്‌ക്ക് അതൃപ്‌തിയുണ്ടെന്നാണ് കേൾക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടമായ ചെന്നിത്തലയ്‌ക്ക് അർഹമായ ദേശീയ ചുമതല നൽകുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഡിസിസി പ്രസിഡന്റ് പ്രശ്‌നത്തിൽ പരസ്യ പ്രസ്‌താവന നടത്തിയ ചെന്നിത്തലക്ക് ചുമതല നൽകുന്നതിലുളള വിയോജിപ്പ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

കെ.സി വേണുഗോപാൽ നിർദ്ദേശിച്ചയാളെ മാറ്റി ആലപ്പുഴയിൽ ചെന്നിത്തലയ്‌ക്ക് ഇഷ്‌ടമുളളയാളെ നിയമിച്ചിട്ടും ചെന്നിത്തല പ്രതിഷേധം നടത്തിയത് രാഹുൽ ഗാന്ധിയ്‌ക്ക് നീരസമുണ്ടാക്കിയെന്നും ഒരു പ്രതിഷേധത്തിനുമില്ലെന്ന് തന്നോട് പറഞ്ഞശേഷവും ചെന്നിത്തല എതിർപ്പ് പരസ്യമാക്കിയത് രാഹുലിന് വിഷമമുണ്ടാക്കിയെന്നുമാണ് രാഹുൽ ഗാന്ധിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ സംഘടനാ വിഷയങ്ങൾ കൈകാര്യം ചെയ്‌ത് മുൻപരിചയമുളള ചെന്നിത്തലയെ ദേശീയ നേതൃത്വത്തിൽ നിന്ന് മാറ്റിനിർത്തരുതെന്നും പാർട്ടി അദ്ദേഹത്തിന്റെ അനുഭവ പരിചയം ഉപയോഗിക്കണമെന്നുമാണ് മുതിർന്ന നേതാക്കളായ കമൽനാഥ്, ഹരീഷ് റാവത്ത് എന്നിവർ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടത്. അടുത്തമാസം നടക്കുന്ന എഐസിസി പുനസംഘടന ചെന്നിത്തലയ്‌ക്കും ആന്ധ്രയുടെ ചുമതലയുളള എഐസിസി സെക്രട്ടറിയായ ഉമ്മൻചാണ്ടിയ്‌ക്കും ഇതോടെ നിർണായകമായി.